ന്യൂഡല്‍ഹി: നാലു വർഷം കൊണ്ട് ആറു ലക്ഷം കോടിയുടെ സർക്കാർ സ്വത്തുകൾ സ്വകാര്യവൽക്കരിക്കുന്ന ദേശീയ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. റോഡ്, റെയില്‍വേ, വൈദ്യുതി, പ്രകൃതി വാതകം, ടെലികോം, വെയര്‍ഹൗസിങ്, ഖനനം, വ്യോമയാനം, സ്റ്റേഡിയം തുടങ്ങിയവയാണ് പുതിയ രൂപത്തില്‍ വിറ്റഴിക്കുന്നത്. ഇക്കൊല്ലം 80,000 കോടി രൂപയാണ് ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിസ്ഇൻവെസ്റ്റ്‌മെന്റ് നയം അനുസരിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത നയം അനുസരിച്ച് സർക്കാർ സാന്നിധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം. 2022 ൽ ആരംഭിച്ച് 2025 ൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയാറാക്കിയിരിക്കുന്നത്.
കോവിഡ് സാഹചര്യങ്ങള്‍ക്കിടയില്‍ പൊതുമേഖല സ്ഥാപന വില്‍പന ഇഴയുന്നതിനാല്‍ മറുവഴിയെന്ന നിലയിലാണ് വിഭവ സമാഹരണത്തിെന്റ പുതിയ രൂപം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. അതനുസരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പക്കലുള്ള പൊതുസ്വത്ത് നവീകരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സ്വകാര്യ മേഖലക്ക് നിശ്ചിത കാലത്തേക്ക് കരാറിനു നല്‍കും. ശരിയായ വില ഈടാക്കുമെന്നും ഉടമാവകാശം സര്‍ക്കാറിനു തന്നെയാവുമെന്നുമാണ് വിശദീകരണം.
വിവിധ മേഖലകളിൽ സ്വകാര്യവൽകരിക്കുന്ന സ്വത്തിന്‍റെ മൂല്യം
റോഡ്- 1,60,200 കോടി
റെയിൽവേ- 1,52,496 കോടി
വൈദ്യുതി വിതരണം- 45,200 കോടി
വൈദ്യുതി ഉത്പാദനം-39,832 കോടി
നാച്ചുറൽ ഗ്യാസ് പൈപ്പ്‌ലൈൻ-24,462 കോടി
പ്രൊഡക്റ്റ് പൈപ്പ്‌ലൈൻ/ മറ്റുള്ളവ-22,504 കോടി
ടെലികോം-35,100 കോടി
വെയർഹൗസിങ്-28,900 കോടി
ഖനനം-28,747 കോടി
വ്യോമയാനം-20,782 കോടി
തുറമുഖം-12,828 കോടി
സ്റ്റേഡിയം-11,450 കോടി
അർബൻ റിയൽ എസ്റ്റേറ്റ്- 15,000 കോടി
2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ തന്നെ ഇത്തരത്തിൽ സ്വകാര്യവത്കരണം നടത്തി സർക്കാർ കൂടുതൽ വരുമാനമുണ്ടാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
















