ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഹോം’. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു കുടുംബ ചിത്രമായാണ് ഹോം എത്തിയിരിക്കുന്നത്.
ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇതിനോടകം തന്നെ മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ഹോമിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എആര്‍ മുരുഗദോസ്. ഹോമിന്റെ സംവിധായകന്‍ റോജിന്‍ തോമസിന് അയച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ അഭിനന്ദനം.‘ഗുഡ് ഈവനിംഗ് ബ്രദര്‍, ഇത് സംവിധായകന്‍ മുരുഗദോസാണ്. ഹോം കണ്ടു. അസാധ്യ സിനിമ. അതിനന്ദനങ്ങള്‍’എന്നാണ് മുരുഗദോസ് പറഞ്ഞത്.
സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനാണ് ‘ഹോമി’ലെ നായകനായ ഒലിവർ ട്വിസ്റ്റ്. തന്റെ പ്രായമായ അച്ഛനും ഭാര്യ കുട്ടിയമ്മയ്ക്കും മക്കളായ ആന്റണിയ്ക്കും ചാൾസിനുമൊപ്പമാണ് അയാളുടെ ജീവിതം. ആ വീടും കുട്ടിക്കാലം മുതൽ കൂടെയുള്ള തന്റെ ചങ്ങാതി സൂര്യനും മാത്രമാണ് അയാളുടെ ലോകം. ഇംഗ്ലീഷ് ക്ലാസിക് സാഹിത്യങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്ന എഴുത്തുകാരുടെ ടൈപ്പിസ്റ്റായി ജോലി ചെയ്ത ഒരു അപ്പന്റെ മകനാണ് ഒലിവർ.
ഇന്ദ്രൻസിലെ നടന്റെ ഇന്ദ്രജാലപ്രകടനമാണ് ഹോമിൽ കാണാനാവുക. മക്കളിൽ നിന്നും വേണ്ടത്ര സ്നേഹമോ ആദരവോ പരിഗണനയോ കിട്ടാതെ, അവഗണനകളേറ്റുവാങ്ങുന്ന ഒലിവർ ട്വിസ്റ്റ് എന്ന അച്ഛനെ തികഞ്ഞ കയ്യടക്കത്തോടെയും അങ്ങേയറ്റം ഹൃദയസ്പർശിയായും അവതരിപ്പിച്ചിരിക്കുകയാണ് ഇന്ദ്രൻസ്. ഒലിവറിന്റെ ചെറുമൗനങ്ങളും കണ്ണിലെ നിസ്സഹായതയുമെല്ലാം പ്രേക്ഷകന്റെ ഉള്ളുതൊടുന്ന രീതിയിലാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണു നനയിപ്പിച്ചും പ്രേക്ഷകർക്കൊപ്പം നടക്കുകയാണ് ഇന്ദ്രൻസിന്റെ ഒലിവർ ട്വിസ്റ്റ്. ഒരു നിറകൺചിരിയോടെയല്ലാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ല.
ഇന്ദ്രന്‍സിനൊപ്പം ശ്രീനാഥ് ഭാസി, മഞ്ജു പിളള, നസ്ലെന്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, വിജയ് ബാബു ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന നിലയിലാണ് ഹോം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. മിക്കവര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു പ്രമേയം കൂടിയാണ് സിനിമയുടെത്.
















