തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും സംസ്ഥാന സമ്മേളനം നടക്കുക എന്നാണ് വിവരം. ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത മാസം തന്നെ ആരംഭിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന സമ്മേളനം സംബന്ധിച്ച് തീരുമാനമുണ്ടായത്.
എറണാകുളവും കൊല്ലവും അവസാന പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും അവസാനഘട്ടത്തില്‍ എറണാകുളം തെരഞ്ഞെടുക്കുകയായിരുന്നു. ജനുവരിയോടെ ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമാകും.
കോവിഡ് കാലത്തിന്റെ പരിമിതികളും പ്രതിസന്ധികളും പരിഗണിച്ചുകൊണ്ട് തന്നെയാകും സമ്മേളനങ്ങള്‍ നടത്തുക. ആളുകൂടുന്ന സമ്മേളനങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കും. സമ്മേളനം നടക്കുന്ന ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും.
തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സമിതി യോഗത്തിലായിരിക്കും കോവിഡ് പശ്ചാത്തലത്തിൽ ഏത് രീതിയിൽ സമ്മേളനങ്ങൾ നടത്തണം എന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കുക.
അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന് കണ്ണൂരാണ് വേദിയാകുക. ഡല്‍ഹിയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് കണ്ണൂരിനെ പാർട്ടി കോൺഗ്രസിനുള്ള വേദിയായി തെരഞ്ഞെടുത്തത്. ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺഗ്രസ് എത്തുന്നത്.
നേരത്തെ കോഴിക്കോട് നഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺഗ്രസ് ചേർന്നിരുന്നു.

















