വ്യാജ ആപ്പിള്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കോള്‍ സെന്റര്‍ പൂട്ടിച്ച് ഡല്‍ഹി പൊലീസ്. തട്ടിപ്പ് കോളുകളിലൂടെയും ഗിഫ്റ്റ്-കാര്‍ഡ് തട്ടിപ്പുകളിലൂടെയും യുഎസ് പൗരന്മാരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രമാണ് ഡല്‍ഹി പൊലീസ് കണ്ടെത്തിയത്. നരൈന ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തിന്റെ ഉടമയും പങ്കാളിയും ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അരുണ്‍, സലിം, നിഖില്‍, മോണ്ടു സിങ്, കരണ്‍, വിശാല്‍, 26 വയസ്സുള്ള മറ്റൊരാള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് അഞ്ച് ലാപ്‌ടോപ്പുകള്‍, 12 മൊബൈല്‍ ഫോണുകള്‍, 10 ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, അഞ്ച് ചെക്ക് ബുക്കുകള്‍, ഒരു ഓഡി കാര്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
സെപ്റ്റംബര്‍ 25-ന് ലഭിച്ച കൃത്യമായ വിവരത്തെത്തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് റെയ്ഡ് നടത്തുകയും കോള്‍ സെന്റര്‍ ഉടമ അരുണ്‍ (29), പങ്കാളി സലിം (28), അഞ്ച് കോളര്‍മാര്‍ എന്നിവരെ പിടികൂടുകയായിരുന്നു. ഇംഗ്ലീഷ് പേരുകള്‍ ഉപയോഗിച്ചാണ് കോളര്‍മാര്‍ യുഎസിലുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്. പ്രതികള്‍ ആപ്പിള്‍/ഐഒഎസ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവുകളായി ആള്‍മാറാട്ടം നടത്തി ടോള്‍-ഫ്രീ നമ്പറുകള്‍ വഴി യുഎസ് പൗരന്മാരെ ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
ഡിവൈസുകളിലോ സിസ്റ്റങ്ങളിലോ വൈറസുകളോ മാല്‍വെയറുകളോ അശ്ലീല ഉള്ളടക്കമോ കണ്ടെത്തിയെന്ന് അവകാശപ്പെടുകയും, അടിയന്തര സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാന്‍ ആവശ്യപ്പെടും. ഗിഫ്റ്റ്-കാര്‍ഡ് വിവരങ്ങളോ കോഡുകളോ കൈക്കലാക്കി മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ടോള്‍-ഫ്രീ നമ്പറുകളുടെ ഉറവിടം, ഗിഫ്റ്റ്-കാര്‍ഡ് ഇടപാടുകള്‍, പണമിടപാട് വിവരങ്ങള്‍, ഇവരുടെ വിപുലമായ ശൃംഖല എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.















