കാട്ടാക്കട: നെയ്യാർ തീരത്ത് വീണ്ടും ചീങ്കണ്ണി ഭീതി. മായം പുട്ടുകല്ല് കുരിശ്ശടിയ്ക്ക് സമീപം വെള്ളം കയറിയ കശുമാവ് തോട്ടത്തിൽ ചീങ്കണ്ണിയെ കണ്ടെന്ന് നാട്ടുകാർ. വർഷങ്ങളായി ചീങ്കണ്ണി ഭീതി നിലനിൽക്കുന്ന സ്ഥലമാണ് നെയ്യാർ റിസർവോയർ തീരം. രണ്ട് ദിവസം മുൻപും ഇവിടെ ചീങ്കണ്ണിയെ കണ്ടിരുന്നു.
വ്യാഴം രാവിലെ ഇതുവഴി വന്ന പ്രദേശവാസികളിൽ ചിലർ വീണ്ടും ചീങ്കണ്ണിയെ കണ്ടു. തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. ജീവനക്കാരെത്തി പരിസരമാകെ നിരീക്ഷിച്ചെങ്കിലും ചീങ്കണ്ണിയെ കണ്ടെത്താനായില്ല. നെയ്യാർ റിസർവോയറിൽ ചീങ്കണ്ണി സാന്നിധ്യം ഉണ്ട്.
സംഭരണിയിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. ഇതുകൊണ്ട് തന്നെ തീരത്തോട് ചേർന്ന് കൃഷി ഭൂമിയെല്ലാം വെള്ളത്തിൽ മുങ്ങി. ഇതുകാരണം റിസർവോയറിലെ ചീങ്കണ്ണികൾ നീന്തി തീരത്തേക്ക് കയറാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
നേരത്തെയുണ്ടായിരുന്ന ചീങ്കണ്ണി ആക്രമത്തിൽ മൂന്നു മനുഷ്യ ജീവനുകൾ നഷ്ടമായിട്ടുണ്ട്. അനവധി പേർക്ക് അംഗവൈകല്യം സംഭവിച്ചു. രാത്രി കാലങ്ങളിൽ തീരത്തിനു സമീപത്തെ വീടുകളിലുള്ള വളർത്തു മൃഗങ്ങളെ ചീങ്കണ്ണികൾ ഇരയാക്കുന്നതും പതിവായിരുന്നു.

















