ബെംഗളൂരു: കന്നഡ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്‌നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തിൽ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന രണ്ട് സഹതാരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ക്രെയിനും ഇരുമ്പ് കയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ 11 കെവി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.ഉടൻ തന്നെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു. പരുക്കേറ്റവരെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.
















