തിരുവനന്തപുരം; കേരളത്തിൽ തുടർച്ചയായുള്ള പ്രളയഭീഷണി അതിജീവിക്കാൻ കൂടുതൽ അണക്കെട്ടുകൾ വേണമെന്ന് ജലവിഭവ പാർലമെന്ററി സമിതിയുടെ നിർദേശം. പാരിസ്ഥിതിക ആശങ്കകൾ പരിഹരിച്ച് അണക്കെട്ടുകൾ പണിയാനായി പരിസ്ഥിതിസംഘങ്ങളുൾപ്പെടെയുള്ളവരുമായി ചർച്ചയ്ക്ക് കേരള സർക്കാർ മുൻകൈയെടുക്കണമെന്ന് ഡോ. സഞ്ജയ് ജെയ്‌സ്വാൾ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടു.
1980 ന് ശേഷം സംസ്ഥാനത്ത് പുതിയ അണക്കെട്ടോ ജലസംഭരണിയോ നിർമ്മിക്കപ്പെട്ടിട്ടില്ലെന്നും സമിതി ആരോപിച്ചു. കേരളത്തിൽ കേന്ദ്ര ജലകമ്മിഷന്‍റെ വെള്ളപ്പൊക്ക പ്രവചന കേന്ദ്രമില്ലെന്ന് വ്യക്തമാക്കിയ പാർലമെന്‍ററി സമിതി ഈ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാനസർക്കാർ അപേക്ഷ നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി.
2018 ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ കനത്ത മഴയെത്തുടര്‍ന്നാണ് കേരളത്തില്‍ വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. ശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന്‍റെ ആഘാതം വർദ്ധിക്കുവാൻ പ്രധാന കാരണമായതെന്ന ആരോപണവും അന്നുയര്‍ന്നിരുന്നു.
ലഭിക്കുന്ന വെള്ളത്തിന്റെ ഏഴുശതമാനം സംഭരിക്കാനുള്ള ശേഷിമാത്രമേ സംസ്ഥാനത്തെ ജലസംഭരണികൾക്കുള്ളൂ. കർശനമായ പരിസ്ഥിതി-വനനിയമ വ്യവസ്ഥകളും പരിസ്ഥിതിസംഘങ്ങളിൽനിന്നുള്ള ശക്തമായ എതിർപ്പുമുള്ളതിനാൽ 1980-നുശേഷം പുതിയ അണക്കെട്ടോ ജലസംഭരണിയോ സജ്ജമാക്കാൻ കേരളത്തിനു കഴിഞ്ഞിട്ടില്ലെന്നും പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി.