കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഒ.ബി.സി പട്ടികയില്‍ മാറ്റം വരുത്താന്‍ അധികാരം രാഷ്ട്രപതിക്കാണെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുൻപ് ക്രിസ്ത്യൻ നാടാർ വിഭാഗത്തിന് 10 ശതമാനം സംവരണം സർക്കാർ ഏർപ്പെടുത്തിയിരുന്നു. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന് സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചാണ് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ എസ്ഐയുസി ഒഴികെയുള്ള നാടാര്‍ സമുദായങ്ങള്‍ക്ക് ഒബിസി സംവരണം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
നേരത്തെ ഹിന്ദു നാടാര്‍ വിഭാഗത്തിനാണ് ഈ സംവരണാനുകൂല്യം ഉണ്ടായിരുന്നത്. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
സർക്കാർ സംവരണം ഏർപ്പെടുത്തിയതിൽ ചില വിഭാഗങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി നൽകിയത്.