ലണ്ടന്‍: നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. ഇടയ്ക്കിടെ മഴ തടസ്സപ്പെടുത്തിയ രണ്ടാം ദിനം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറിയുമായി കെഎല്‍ രാഹുലും ഏഴു റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 58 റണ്‍സ് കൂടി വേണം.രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 36 റൺസെടുത്ത് രോഹിത് പുറത്തായതോടെ ഇന്ത്യ കൂട്ടത്തകർച്ചയിലേക്ക് വീണു.
24-ാം ഓവറില്‍ ആന്‍ഡേഴ്സന്‍റെ പന്തില്‍ രാഹുലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതിന് ഇംഗ്ലണ്ട് റിവ്യു തേടിയെങ്കിലും ഇന്‍സൈഡ് എഡ്ജുണ്ടായിരുന്നതിനാല്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായില്ല. 28-ാം ഓവറിലാണ് ഇന്ത്യ 50 കടന്നത്.ആദ്യ ഒരു മണിക്കൂറിനുശേഷം ബാറ്റിംഗ് എളുപ്പമായതോടെ ഇരുവരും അനായാസം റണ്‍സ് കണ്ടെത്തി. എന്നാല്‍ ലഞ്ചിന് തൊട്ടുമുമ്പുള്ള അവസാന ഓവറില്‍ രോഹിത് ശര്‍മയെ സാം കറന്‍റെ കൈകളിലെത്തിച്ച് റോബിന്‍സണ്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. 107 പന്തിലാണ് രോഹിത് ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 36 റണ്‍സെടുത്തത്.
എന്നാൽ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലായിരുന്നു. ആദ്യ വിക്കറ്റിൽ 97 റൺസ് കൂട്ടുകെട്ട് ഉയർത്തിയതോടെ ഏഷ്യക്ക് വെളിയിൽ 14 വർഷത്തിനിടെ ഇന്ത്യ കുറിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇത്. 2007ലെ ട്രെൻ്റ് ബ്രിഡ്ജ് ടെസ്റ്റിൽ ദിനേഷ് കാർത്തികും വസീം ജാഫറും ചേർന്ന് നേടിയ 147 റൺസാണ് 14 വർഷം മുൻപ് ഇന്ത്യ കുറിച്ചത്.