കാബൂള്‍: അഫ്ഗാൻ സര്‍ക്കാരിലെ നേതാക്കൾക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി താലിബാന്‍. അഫ്ഗാന്‍ പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ കഴിഞ്ഞ ദിവസം വധശ്രമം നടന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നേതാക്കള്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി പ്രതിരോധ മന്ത്രി ബിസ്മില്ല മൊഹമദിയ്‌ക്കെതിരെ ബോംബ്-ഗണ്‍ ആക്രമണമാണ് നടത്തിയത്. പിന്നാലെ അഫ്ഗാന്‍ തലസ്ഥാന നഗരിയില്‍ അതിരൂക്ഷ പോരാട്ടം നടന്നു. അഫ്ഗാനില്‍ നിന്ന് യുഎസ് സേന പിന്മാറിയതോടെയാണ് താലിബാന്‍ ആക്രമണം രൂക്ഷമാക്കിയത്. തലസ്ഥാന നഗരമായ കാബൂളില്‍ പോരാട്ടം ശക്തമാണ്.
കാബൂളിന്റെ മധ്യഭാഗത്തായാണ് ആദ്യ ബോംബ് വീണത്. തുടര്‍ന്ന് രണ്ടു മണിക്കൂറുകള്‍ക്കു ശേഷം മറ്റൊരു വലിയ സ്‌ഫോടനവും പിന്നാലെ ചെറുസ്‌ഫോടനങ്ങളും നടന്നു. പിന്നീട് വെടിവെപ്പുമുണ്ടായി. യു.എസ്. മിഷന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ എംബസികള്‍ പ്രവര്‍ത്തിക്കുന്ന അതീവസുരക്ഷാമേഖലയായ ഗ്രീന്‍ സോണിനു സമീപമായിരുന്നു ഈ ആക്രമണങ്ങളെല്ലാം നടന്നത്.
മന്ത്രി സുരക്ഷിതമാണെന്നും താലിബാന്‍ പോരാളികള്‍ക്കെതിരെ അഫ്ഗാന്‍ സേന തിരിച്ചടിച്ചതായും അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. കാബുളില്‍ ഉണ്ടായ പോരാട്ടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
അഫ്ഗാന്‍ സേന നടത്തിയ ആക്രമണത്തില്‍ പ്രത്യാക്രമണമാണ് നടത്തിയതന്ന് താലിബാന്‍ പ്രതികരിച്ചു.
അതേസമയം, അമേരിക്കന്‍ സൈന്യം പിന്മാറാന്‍ ആരംഭിച്ചതോടെ മേയ് മാസം മുതല്‍ രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ യുദ്ധം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ആക്രമണം കാബൂളിലേക്ക് കടക്കുന്നത്.