മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും കുടുംബത്തേയും പികെ കുഞ്ഞാലിക്കുട്ടി ചതിച്ചുവെന്ന് കെടി ജലീല്‍. നിയമസഭാ യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്കെതിരെയെന്നും കെടി ജലീൽ പറഞ്ഞു.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു. കൊടിയവഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നും ഇത് തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയുണ്ടാക്കിയെന്നും കെടി ജലീല്‍ ആരോപിച്ചു.
‘കൊടിയവഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നത്. അദ്ദേഹം പതിവായി സഭയില്‍ എത്തുന്നുണ്ട്. ഈ കോടിക്കണക്ക് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ കുറ്റം ചെയ്ത വ്യക്തി ഇവിടെ സുഖമായി കഴിയുന്നു. എന്നാല്‍ ഇതിലൊന്നും മനസാ വാചാ കര്‍മ്മണ ഒരു ബന്ധവുമില്ലാത്ത പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്വേഷണത്തെ നേരിടുകയാണ്. അദ്ദേഹത്തിനാണ് നോട്ടീസ് പോകുന്നത്. ഇത് തങ്ങളേയും അവരുടേയും കുടുംബത്തേയും സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിനെതിരെ ലീഗില്‍ നിന്നുതന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.’ കെടി ജലീല്‍ ആരോപിച്ചു.
ഇഡിക്ക് ആരാണ് കുറ്റവാളിയെന്ന് അറിയാം. ഹൈദരലി തങ്ങൾക്ക് നൽകിയ നോട്ടീസ് പിൻവലിക്കണം. നോട്ടീസ് കുഞ്ഞാലിക്കുട്ടിക്ക് നൽകണം. ഹൈദരലി ശിഹാബ് തങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തുന്ന കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗിനെയും സമുദായത്തെയും നാല് വെളളിക്കാശിന് വിറ്റുതുലക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ മകൻ മൂന്നരക്കോടി സഹകരണ ബാങ്കിലേക്ക് മാറ്റിയത് കൂടുതൽ പലിശ അടിച്ച് മാറ്റാനാണോയെന്ന് കെടി ജലീൽ ചോദിച്ചു. തനിക്ക് ഇഡിയിൽ അല്ല വിശ്വാസം. എന്നാൽ യുഡിഎഫിനും ലീഗിനും ഇഡിയിൽ ആയിരുന്നല്ലോ വിശ്വാസമെന്നും ജലീൽ ചോദിച്ചു. എആർ നഗർ സർവീസ് സഹകരണ ബാങ്കിൽ 600 കോടിയോളം രേഖകളില്ലാത്ത പണമുണ്ടെന്നും ഹൈദരലി തങ്ങൾക്ക് വേണ്ടി പറയാൻ ലീഗുകാർക്ക് ആഗ്രഹമുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയെ പേടിയാണെന്നും ജലീൽ പറഞ്ഞു.