തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം. ഋഷിരാജ് സിങ് വിരമിച്ചതോടെയാണ് സന്ധ്യക്ക് ഡി.ജി.പി റാങ്ക് ലഭിച്ചത്. നേരത്തെ പൊലിസ് മേധാവിയായി അനില്‍കാന്തിനെ നിയമിച്ചത് സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതോടെ സന്ധ്യക്ക് ഡി.ജി.പി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് അനില്‍കാന്ത് സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു.
സുദേഷ്കുമാര്‍, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് ഇവരേക്കാള്‍ ജൂനിയറായ അനില്‍കാന്തിനെ സംസ്ഥാന പോലീസ് മേധാവിയാക്കിയത്. എഡിജി.പിയായ അനില്‍കാന്തിനെ മേധാവിയാക്കിയപ്പോള്‍ ഡിജിപി റാങ്കും നല്‍കിയിരുന്നു. സന്ധ്യക്ക് ലഭിക്കേണ്ട ഡിജിപി റാങ്കാണ് അനില്‍കാന്തിന് നല്‍കിയത്. ഇതോടെ ജൂനിയറായ അനില്‍കാന്തിന് ഡിജിപി റാങ്കും സീനിയറായ സന്ധ്യക്ക് എഡിജിപി റാങ്കും എന്ന സ്ഥിതിയായി.
എന്നാല്‍ ഋഷിരാജ് സിങ് വിരമിച്ചതോടെ സ്വാഭാവികമായ സ്ഥാനക്കയറ്റമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതേസമയം ബി.സന്ധ്യ ഫയര്‍ഫോഴ്‌സ് മേധാവിയായി തുടരുമെന്നാണ് വിവരം.