തിരുവനന്തപുരം: ഗുണമേന്മയുള്ള ജീവിതം സാധ്യമാക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സെെസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. വ്യവസായ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ റിവ്യൂമീറ്റിംഗിൽ സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംബന്ധിച്ചു.
പരമാവധി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുക എന്നതിനൊപ്പം ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും സർക്കാരിൻ്റെ നയമാണ്.
പൊതുസമൂഹത്തിൻ്റെ
പാരിസ്ഥിതികമായ ഉള്ളടക്കമുള്ള പൊതു താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സംരംഭങ്ങളെയും അതിനായുള്ള നിക്ഷേപങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അതുവഴി തൊഴിലും സാമ്പത്തിക ഉന്നതിയും സാധ്യമാക്കുക എന്നതും ഈ സർക്കാറിന്റെ നയമാണെന്നും മന്ത്രി പറഞ്ഞു.
ഇതിനുവേണ്ടി 2018 മുതൽ സാരവത്തായ നിയമഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. അവകൂടി ഉൾക്കൊണ്ടുകൊണ്ട് സംരംഭ സൗഹൃദമായ ഒരു നാട് രൂപപ്പെടുത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്. ഈ സാഹചര്യത്തിൽ സംരംഭ സൗഹൃദ കേരളം എന്നതിനൊപ്പം സംരംഭ സൗഹൃദ പഞ്ചായത്തുകളും ഉണ്ടാവേണ്ടതുണ്ട്. ലൈസൻസിംഗ് എന്ന നിയന്ത്രണ പ്രക്രിയയ്ക്ക് അപ്പുറം സംരംഭങ്ങൾ രൂപപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തലത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാറേണ്ടതുണ്ട്. ഇതിന് ആവശ്യമായിട്ടുള്ള നേതൃത്വപരമായ പ്രവർത്തനം എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ യോഗത്തിൽ ആവശ്യപ്പെട്ടു.