നിറം മാറുന്നതില്‍ കേമന്മാരാണ് ഓന്തുകള്‍. എന്നാല്‍ നിറം മാറാന്‍ കഴിയുന്ന തടാകങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? എങ്കില്‍ അങ്ങനെ ഒരു തടാകമുണ്ട്. ചൈനയിലാണ് ജിയുഷെയ്ഗോ എന്ന അപൂര്‍വ്വ തടാകമുള്ളത്. ടിബറ്റന്‍ പീഠഭൂമിയിലെ താഴ്വരയിലാണ് ജിയുഷെയ്ഗോ തടാകം സ്ഥിതി ചെയ്യുന്നത്.
യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന ഈ തടാകം പല സമയത്തും പല നിറങ്ങളിലായി കാണപ്പെടും. മഞ്ഞ, പച്ച, നീല തുടങ്ങിയ നിറങ്ങളിലാണ് തടാകം കാണപ്പെടുന്നത്. തടാകത്തില്‍ മള്‍ട്ടി കളര്‍ ഹൈഡ്രോ ഫൈറ്റുകള്‍ ഉള്ളതിനാലാകാം നിറം മാറാന്‍ സാധിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് കൃത്യമായി മനസിലാക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ജിയുഷെയ്ഗോ തടാകവും അതിനടുത്തുള്ള നേച്ചര്‍ റിസര്‍വുമെല്ലാം കാണാന്‍ നിരവധി സഞ്ചാരികളാണ് ഇവിടെയെത്താറുള്ളത്.
ചൈനയിലെ സിഷ്യാന്‍ മേഖലയിലെ നാന്പിങ് ക്യാന്റോണിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. കണ്ണാടി പോലെ തിളങ്ങുന്ന ശുദ്ധ തടാകമായ ജിയുഷെയ്ഗോയ്ക്ക് 16 അടി ആഴമാണുള്ളത്. തടാകത്തിന്റെ അടിഭാഗം വരെ സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നിറയെ പൂക്കളാലും മരങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന തടാകം സഞ്ചാരികളുടെ മനം കവരുമെന്ന് ഉറപ്പ്. തണുപ്പുകാലത്ത് ചുറ്റുമുള്ള പര്‍വതങ്ങളും മരങ്ങളുമെല്ലാം മഞ്ഞുപുതച്ച് നില്‍ക്കുമ്പോഴും ജിയുഷെയ്ഗോ തടാകത്തിന് മാറ്റമൊന്നും ഉണ്ടാകില്ല. എത്ര വലിയ മഞ്ഞുകാലത്തും തടാകത്തിലെ വെള്ളം കട്ടിയാവില്ല. ഇതിന് സഹായിക്കുന്നത് ചൂടുള്ള നീരുറവയാണ്.