കോവിഡ് കാലം വിതച്ച ദുരിതങ്ങൾക്ക് കയ്യും കണക്കുമില്ല എന്നതാണ് നിലവിലെ സ്ഥിതി. ഓരോ ആളുകളുടെയും ജീവിതത്തിൽ കോവിഡ് ബാധിച്ചത് എങ്ങിനെയാണെന്ന് വിവരണാതീതമാണ്. എങ്കിലും സർക്കാരിന്റെ ഇക്കാലത്തെ നടപടികൾമൂലമോ അനാസ്ഥമൂലമോ കെടുകാര്യസ്ഥതമൂലമോ സാധാരണക്കാർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് സർക്കാർ ബാധ്യസ്ഥമാണ്. ഈ കോവിഡ് കാലത്ത് എന്നല്ല, എക്കാലത്തെയും വലിയ നഷ്ടം ജീവൻ തന്നെ ഇല്ലാതാവുക എന്നതാണ്.
ഈ കോവിഡ് കാലത്തെ സർക്കാരിന്റെ കെടുകാര്യസ്ഥത പലരെയും മരണത്തിലേക്ക് തള്ളിവിട്ടു. കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം സംസ്ഥാനത്ത് 15 പേരാണ് കോവിഡ് പ്രതിസന്ധികൾ കാരണം ജീവൻ വെടിഞ്ഞത്. ദുരിതകാലത്ത് കൂടെ നിൽക്കേണ്ട സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ നിലപാടുകൾ ഈ മരണങ്ങൾക്ക് കാരണമായി എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. വികലമായ ‘അടച്ചിടലുകൾ’ വരുത്തിവെച്ച ആത്മഹത്യകളാണ് ഉണ്ടായത്. നയങ്ങളാണ് ഇരകളെ സൃഷ്ടിച്ചത്.
ജൂണ്‍ 21ന് തിരുവനന്തപുരത്ത് ജീവനൊടുക്കിയത് മൂന്നംഗ കുടുംബം ജീവനൊടുക്കി. സ്വര്‍ണപ്പണിക്കാരനായിരുന്നു മരിച്ച ഗൃഹനാഥനായ മനോജ് കുമാര്‍ (45). ഇയാൾക്കൊപ്പം ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരും ജീവനോടിക്കി. സർക്കാർ പ്രഖ്യാപിച്ച അവശ്യ സർവീസ് പരിധിക്കുളില്ലായിരുന്നു സ്വർണപ്പണിക്കാർ ഉൾപ്പെടെയുള്ളവർ. വൻകിട സ്വർണ വ്യാപാരികളെ പോലെയല്ല സാധാരണക്കാരായ സ്വർണക്കച്ചവടക്കാരുടെയും പണിക്കാരുടെയും കാര്യം. വൻ മുതൽമുടക്കുള്ള ഈ കച്ചവടം നിലച്ചതാണ് ഈ കടുംബത്തിന്റെ ജീവനെടുത്തത്.
ജൂലൈ 1ന് ഇടുക്കിയിൽ കര്‍ഷകനായ പാമ്പാടുംപാറ മാവോലില്‍ വീട്ടില്‍ സന്തോഷ് (47) ആത്മഹത്യ ചെയ്തു. ഏലം കർഷകനായിരുന്ന സന്തോഷ് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തിരുന്നു. എന്നാൽ വരുമാനം നിലച്ചതോടെ അടവ് മുടങ്ങി. ഇതോടെ അധികൃതര്‍ ദിനംപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനെടുത്തത്. കർഷക ആത്മഹത്യകൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയമാണ്. ഈ മരണത്തിൽ ബ്ലേഡ് മാഫിയക്കും പങ്കുണ്ട്. തുടക്കത്തിൽ മൊറൊട്ടോറിയം പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ പിന്നെ അതിന് മുതിർന്നില്ല. ഇത് ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി. നിരവധിപേർ ഇപ്പോഴും ഇക്കാരണത്താൽ ആത്മഹത്യാ ഭീഷണിയിലാണ്.
ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ കാലം അടഞ്ഞ് കിടന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖല. പൊതു പരിപാടികളും ഇല്ലാതായതും വിവാഹങ്ങൾ ലളിതമായതും ഈ സ്ഥാപന ഉടമകളെയും ജീവനക്കാരെയും കെണിയിലാക്കി. ഈ കെണിയിൽ വീണ രണ്ടുപേരാണ് ഇക്കാലത്ത് ജീവനൊടുക്കിയത്. ജൂലൈ 2ന് തിരുവനന്തപുരത്ത് മായ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മല്‍ ചന്ദ്രൻ (53), ജൂലൈ 17ന് പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പൊന്നു മണി (55) എന്നിവരാണ് ഈ സമയത്ത് ആത്മഹത്യ ചെയ്തത്.
കോവിഡ് കാലത്ത് വരുമാനം കുറഞ്ഞതോടെ ജനങ്ങളിൽ മിക്കവരും ചെലവ് ചുരുക്കലിലാണ്. അവശ്യവസ്തുക്കൾ തന്നെ വാങ്ങാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരെ സംബന്ധിച്ച് മറ്റെല്ലാം ആർഭാടമാണ്. രണ്ട് ബേക്കറി ഉടമകളും ഇക്കാലത്ത് മരിച്ചു. ജൂലൈ 19ന് ഇടുക്കിയില്‍ ബേക്കറി ഉടമ പുലരിമലയില്‍ വിനോദ് (55), ജൂലൈ 22ന് തിരുവനന്തപുരത്ത് മലയന്‍കീഴിലെ ബേക്കറി ഉടമ വിജയകുമാര്‍ (56) എന്നിവർ ജീവനൊടുക്കി.
ജൂലൈ 7ന് കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍ ഉടമയായ ആലപ്പുഴ മാന്നാർ സ്വദേശി വിഷ്ണു പ്രസാദ് (35) ആത്മഹത്യ ചെയ്തു. ജൂലൈ 20ന് വയനാട് സ്വകാര്യ ബസുടമ പി സി രാജാമണി (48) ജീവനൊടുക്കി. ജൂലൈ 20ന് തൃശൂരില്‍ ദാമോദരനും (53) മകന്‍ ശരത്തും (27) ആത്മഹത്യ ചെയ്തു. ജൂലൈ 22ന് പാലക്കാട് ട്രാക്ടര്‍ ഡ്രൈവര്‍ കണ്ണന്‍ കുട്ടി (56) ആത്മഹത്യ ചെയ്തു. ജൂലൈ 2ന് കൊല്ലത്ത് സീനാ ട്രാവല്‍സ് ഉടമ മോഹനന്‍ പിള്ള (53), ജൂലൈ 27ന് തിരുവനന്തപുരത്ത് ക്ഷീരകര്‍ഷകനായ ശ്രീകാന്ത് (36) എന്നിവരും ആത്മഹത്യ ചെയ്തു.
കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി സർക്കാർ നടപ്പിലാക്കിയ അടച്ചുപൂട്ടൽ നീണ്ടുപോയതാണ് പലരുടെയും ജീവനെടുത്തത്. ഒന്നിടവിട്ട ദിവസങ്ങളിലെ കാറ്റഗറി തിരിച്ചുള്ള അടച്ചുപൂട്ടൽ തെറ്റായി പോയെന്ന നിലപാടിലാണ് നിലവിൽ സർക്കാർ തന്നെയുള്ളത്. എന്നാൽ ഈ നയം തെറ്റാണെന്ന് നേരത്തെ മുതൽ തന്നെ ജനം പറഞ്ഞിരുന്നതാണ്. എന്നാൽ അത് ചെവിക്കൊള്ളാൻ അന്ന് സർക്കാരോ ഉദ്യോഗസ്ഥരോ തയ്യാറായില്ല. സിസ്റ്റം തെറ്റാണെന്ന് പറഞ്ഞ് നടന്ന ക്യാമ്പയിനുകളെയും തള്ളിക്കളയുകയാണ് ഉണ്ടായത്. അതിനാൽ തന്നെ ഈ മരണങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കാൻ സർക്കാരിനാകില്ല.
*ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടി അതിജീവിക്കാന്‍ ശ്രമിക്കുക. (ടോള്‍ ഫ്രീ നമ്പര്‍- 1056)