ആഗോളമേധാവിത്വം നിലനിർത്താൻ അമേരിക്ക നടത്തിയ മറ്റൊരു സായുധ ഇടപെടൽകൂടി ഒരു ദുരന്തമായി സമാപിക്കുന്നു. തൊട്ടുമുമ്പ്, നട്ടാൽക്കുരുക്കാത്ത തൊടുന്യായങ്ങൾ കണ്ടെത്തി അവർ കടന്നാക്രമിച്ച ഇറാഖ്, ഇന്ന് പശ്ചിമേഷ്യയിലെ കണ്ണീരുണങ്ങാത്ത കലാപഭൂമിയാണ്.
“അഫ്ഗാനിൽ സമാധാനം തിരിച്ചുവരുന്നതല്ല കാണുന്നത് മറിച്ച്, മുൻ വർഷങ്ങളെയപേക്ഷിച്ച് സംഘർഷങ്ങൾ കൂടുകയാണ്. അഫ്ഗാൻസേനയും മനുഷ്യാവകാശപ്രവർത്തകരും പത്രപ്രവർത്തകരും മതവംശീയ ന്യൂനപക്ഷങ്ങളും പുരോഹിതരും പെൺകുട്ടികളും പദവികൾവഹിക്കുന്ന സ്ത്രീകളും എല്ലാം മുൻപെന്നതിനേക്കാൾ കൂടുതലായി ആക്രമണങ്ങൾക്ക് വിധേയരാകുന്നു’. അഫ്ഗാൻ വിഷയം ചർച്ചചെയ്യാൻ കഴിഞ്ഞ മാസം 22ന് ചേർന്ന ഐക്യരാഷ്ട്രസംഘടന സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കവെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉന്നയിച്ച കാര്യങ്ങളാണിവ. (കൂട്ടത്തിൽ സൂചിപ്പിക്കട്ടെ, അഫ്ഗാൻ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന ഇത്തരം യോഗങ്ങളിൽ ഇന്ത്യക്ക് പങ്കാളിത്തം കിട്ടാൻ തുടങ്ങിയത് ഈ അടുത്ത കാലത്തുമാത്രമാണ്).
2021 സെപ്തംബർ പതിനൊന്നിന് അമേരിക്ക പിൻവാങ്ങാൻ തയ്യാറെടുക്കുമ്പോൾ അഫ്ഗാനിസ്ഥാൻ അരാജകത്വത്തിലേക്ക് നീങ്ങുകയാണ്. ഐക്യരാഷ്ട്രസംഘടന പ്രസിദ്ധീകരിച്ച കണക്കുകൾപ്രകാരം 2021ലെ ആദ്യനാലുമാസം, ആക്രമണങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് മരണസംഖ്യ 29 ശതമാനം വർധിച്ചു. മരണപ്പെട്ട സ്ത്രീകളുടെ എണ്ണത്തിൽ 37 ശതമാനവും കുട്ടികളുടെ മരണസംഖ്യയിൽ 23 ശതമാനവും വർധനയുണ്ടായി. എന്നുമാത്രമല്ല, താലിബാൻ ഇപ്പോൾ കൂടുതൽ ഭൂപ്രദേശങ്ങൾ കൈവശപ്പെടുത്തുകയാണെന്നും അമേരിക്കൻസേന പിന്മാറുന്നതോടെ പ്രധാനപ്രദേശങ്ങളെല്ലാം അവരുടെ കൈപ്പിടിയിലാകുമെന്നും ഐക്യരാഷ്ട്രസംഘടന പ്രതിനിധിതന്നെ പ്രസ്താവിച്ചു. രണ്ടുദശാബ്ദം അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ടുവരാൻ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ രക്തരൂക്ഷിതമായ സൈനികനടപടികളുടെ ഒടുവിലത്തെ ചിത്രമാണിത്.
ഭീകരതയ്ക്കെതിരായ യുദ്ധത്തിനായി 2001 ഒക്ടോബറിൽ നാറ്റോ സഖ്യകക്ഷികളെയും കൂട്ടി പോരിനിറങ്ങിയ അമേരിക്ക, ഇരുപതുവർഷത്തിനുശേഷം അഫ്ഗാനിസ്ഥാനെ ഭീകരതയുടെ മൊത്തക്കച്ചവടക്കാർക്ക് കാഴ്ചവച്ചിട്ട് 2021 സെപ്തംബർ പതിനൊന്നിന് കളംവിടുകയാണ്. 2001 സെപ്തംബർ പതിനൊന്ന്, അമേരിക്ക നടുങ്ങിയ ദിനമാണെങ്കിൽ, 2021 സെപ്തംബർ പതിനൊന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക അവരുടെ പരാജയദിനമായായിരിക്കും. എന്തുനേടാനാണോ അവർ സായുധരായി അഫ്ഗാൻ മണ്ണിലെത്തിയത്, അതൊന്നും നേടിയില്ലെന്നുമാത്രമല്ല, ഇരുപതു വർഷംകൊണ്ട് ആ രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും തകർത്തെറിഞ്ഞതിനുശേഷം, ആ തകർച്ചയ്ക്ക് ആക്കംകൂട്ടുന്ന ഭീകരശക്തികളുടെ കാൽച്ചുവട്ടിൽ അഫ്ഗാനിസ്ഥാനെ അടിയറവച്ചുകൊണ്ടാണ്, പരാജിതരായി, അപമാനിതനായി അമേരിക്ക മടങ്ങുന്നത്.
ബറാക് ഒബാമ മുതലുള്ള പ്രസിഡന്റുമാരെല്ലാം അഫ്ഗാനിസ്ഥാനിൽനിന്ന് സൈന്യത്തിന്റെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. 2018 ഒക്ടോബറിൽ ഡോണൾഡ് ട്രംപ്, അഫ്ഗാൻ വംശജനും അഫ്ഗാനിസ്ഥാനിൽ യുഎസ് അംബാസഡറുമായിരുന്ന സൽമേയ് ഖലീൽസാദിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതോടെയാണ് പിന്മാറ്റശ്രമങ്ങൾക്ക് വേഗംകൂടിയത്. ഖലീൽസാദ്, അമേരിക്കയുടെ ആഗോളമേധാവിത്വത്തിന്റെ ശക്തനായ വക്താവാണ്. ഇരുപത്തൊന്നാംനൂറ്റാണ്ട് അമേരിക്കൻ നൂറ്റാണ്ടാക്കാൻ, എല്ലാ ആയുധവും ഉപയോഗിച്ച് 2003ൽ ഇറാഖിനെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ഒരാൾകൂടിയാണ് ഖലീൽസാദ്. പരമാവധി രാജ്യങ്ങളെ വരുതിയിലാക്കി യുഎസ് മേധാവിത്വമുറപ്പിക്കണമെന്ന് വാദിച്ചിരുന്ന ഖലീൽസാദ്തന്നെ അഫ്ഗാനിസ്ഥാനിൽനിന്ന് വാലും ചുരുട്ടിയോടാൻ വഴികണ്ടെത്താനെത്തിയത് ആഗോളമേധാവിയായിരുന്ന ആ രാജ്യം ഇന്ന് എത്തിനിൽക്കുന്ന പതനത്തിന്റെ ഏറ്റവും വലിയ സൂചനയാണ്.
2001ൽ അഫ്ഗാനിസ്ഥാനിൽ എത്തിയതുമുതൽ അമേരിക്കൻ നാറ്റോ സേനകൾ ആക്രമണത്തിന്റെ ഒരു പെരുമഴക്കാലംതന്നെ സൃഷ്ടിച്ചു. 2018 ജനുവരിയിൽ ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ഏറ്റവും പ്രഹരശേഷിയുള്ള ജിബിയു43 എന്ന ബോംബുവരെ പ്രയോഗിച്ചു. എന്നിട്ടും തങ്ങൾക്ക് വിജയിക്കാനാകില്ലെന്ന തിരിച്ചറിവിലാണ് ആ വർഷംതന്നെ സൽമേയ് ഖലീൽസാദിനെ നിയമിച്ചുകൊണ്ട് പിൻമാറാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. എല്ലാ ആയുധവും പ്രയോഗിച്ച് രണ്ടുദശാബ്ദത്തോളം തങ്ങളാകുന്നവിധം നിരപരാധികളായ ആയിരക്കണക്കിന് പൗരന്മാരെ കൊന്നൊടുക്കുകയും വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിനുശേഷം അമേരിക്ക ഇപ്പോൾ തിരിച്ചറിയുന്നത്, അഫ്ഗാൻഭരണം താലിബാന് ഏൽപ്പിച്ചുകൊടുക്കുക മാത്രമാണ് ഏക പ്രതിവിധിയെന്നാണ്. ദോഹ കരാർ അമേരിക്കൻ പരാജയത്തിന്റെ സന്തതിയാണ്.
ഖലീൽസാദ് വിവിധതലങ്ങളിൽ നടത്തിയ ചർച്ചകളുടെ ഒടുവിലാണ് 2020 ഫെബ്രുവരി 29ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽവച്ച് അമേരിക്കയും താലിബാനുമായി സമാധാനക്കരാർ ഒപ്പിട്ടത്. അഫ്ഗാൻ ഭരണകൂടത്തിന് കരാറിൽ സ്ഥാനമുണ്ടായിരുന്നില്ലെന്നത് ലോകരാഷ്ട്രീയം ഈ അടുത്തകാലത്തുകണ്ട ഏറ്റവുംവലിയ വൈരുധ്യമാണ്. ലോകത്തെ പഴക്കം ചെന്ന ജനാധിപത്യരാജ്യമെന്നും ജനാധിപത്യരാജ്യങ്ങളുടെ ആഗോളകൂട്ടായ്മയുണ്ടാക്കി ജനാധിപത്യത്തെ സംരക്ഷിക്കാൻ കച്ചകെട്ടിനടക്കുന്ന അമേരിക്കയാണ്, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അഷ്റഫ് ഘനി ഭരണകൂടത്തെ ഇരുട്ടിൽനിർത്തി, ഭീകരതയുടെ മൊത്തക്കച്ചവടക്കാരായ താലിബാനുമായി കച്ചവടമുറപ്പിച്ചത്.
ദോഹ കരാർ പ്രകാരം അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം 14 മാസത്തിനുള്ളിൽ അഫ്ഗാനിൽനിന്ന് പിന്മാറും; അഫ്ഗാനിൽ അധികാരത്തിലെത്തിയാൽ അൽ ഖായിദ പ്രവർത്തനങ്ങൾ താലിബാൻ അനുവദിക്കരുത്; താലിബാനും അഫ്ഗാൻ സർക്കാരുംതമ്മിൽ ചർച്ചകൾ നടത്തണം; ആഗസ്ത് 27ന് അമേരിക്ക താലിബാനുമേലുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കും.
അഫ്ഗാൻ ഭരണകൂടവും താലിബാനും തമ്മിൽ ചർച്ചകൾ ആരംഭിച്ചെങ്കിലും അവയൊന്നും ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയില്ല. എന്നുമാത്രമല്ല, അമേരിക്കൻ പിന്മാറ്റത്തീയതി അടുത്തുവരുന്നതോടെ കൂടുതൽ പ്രദേശങ്ങൾ കൈയടക്കാനുള്ള ആക്രമണം താലിബാൻ ആരംഭിച്ചുകഴിഞ്ഞു. അതോടൊപ്പം ഭീകരാക്രമണങ്ങളും ശക്തമാക്കിയിട്ടുണ്ട്. 2020 ജൂണിൽ നടന്ന താലിബാൻ ഭീകരാക്രമണത്തിൽ അഫ്ഗാൻ സേനയിലെ 291 അംഗങ്ങൾ കൊല്ലപ്പെടുകയും 550പേർക്ക് പരിക്കേൽക്കുകയുംചെയ്തു. രണ്ടുദശാബ്ദത്തിനിടയിലെ ഏറ്റവും രക്തരൂക്ഷിതമായ ആഴ്ചയെന്നു വിശേഷിപ്പിക്കപ്പെട്ട ഈ ദിനങ്ങളിൽ താലിബാൻ 18 പ്രവിശ്യയിൽ നടത്തിയ ആക്രമണങ്ങളിൽ 42 പൗരന്മാർ കൊല്ലപ്പെടുകയും അറുപതുപേരെ തട്ടിക്കൊണ്ടുപോകുകയുംചെയ്തു. ഇത് വരാൻപോകുന്ന നാളുകളിലെ ദുരന്തസൂചനയാണ്. ദുരന്തം അഫ്ഗാനിൽ മാത്രമൊതുങ്ങില്ലെന്നതാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നത്.
അഫ്ഗാനിസ്ഥാൻ, താലിബാന്റെ നിയന്ത്രണത്തിൽ വന്നാൽ ഏറ്റവുമധികം ഭീഷണി നേരിടാൻപോകുന്ന ഒരു രാജ്യം ഇന്ത്യയാണെങ്കിലും, പ്രശ്നപരിഹാരത്തിനായി അമേരിക്കയോ ഐക്യരാഷ്ട്രസംഘടന നേതൃത്വംനൽകിയ സുപ്രധാന സമ്മേളനങ്ങളിൽ ഒന്നിലും ഇന്ത്യക്ക് ക്ഷണമുണ്ടായിരുന്നില്ല. 2020 ഏപ്രിലിൽ, അഫ്ഗാൻ പ്രശ്നപരിഹാരത്തിനായി ഐക്യരാഷ്ട്രസംഘടന സുരക്ഷാസമിതി വിളിച്ചുചേർത്ത ‘6+2+1 സമ്മേളനം’ എന്നറിയപ്പെട്ട ഒമ്പതുരാജ്യത്തിന്റെ സമ്മേളനത്തിൽ, അമേരിക്ക, റഷ്യ, ചൈന, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കുപുറമെ പാകിസ്ഥാനും ഇറാനും താജികിസ്താനും തുർക്കുമെനിസ്താനും ഉസ്ബെക്കിസ്താനും പങ്കെടുത്തെങ്കിലും അയൽരാജ്യവും ദക്ഷിണേഷ്യയിലെ ഏറ്റവും പ്രമുഖരാജ്യവുമായ ഇന്ത്യക്ക് ക്ഷണംലഭിച്ചില്ല. താലിബാനുമായി ഇന്ത്യ ചർച്ചയ്ക്കു തയ്യാറല്ലെന്നതായിരുന്നു അതിന്റെ ഒരു പ്രധാനകാരണം. പക്ഷേ, ഇപ്പോൾ വരുന്ന മാധ്യമവാർത്തകൾ, ഈ അടുത്തിടെ ഇന്ത്യൻഭരണകൂട പ്രതിനിധികൾ ദോഹയിൽവച്ച് താലിബാന്റെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നാണ്. ഇപ്പോൾത്തന്നെ അഫ്ഗാൻപ്രശ്നത്തിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ഇന്ത്യയുടെ മുന്നിൽ മറ്റുവഴികളൊന്നുമില്ലെന്നതാണ് യാഥാർഥ്യം.
താലിബാനുൾപ്പെടെയുള്ള ഭീകരസംഘങ്ങൾക്ക് താവളവും പരിശീലനവും പിന്തുണയുംനൽകുന്ന പാകിസ്ഥാന് അഫ്ഗാൻഭരണത്തിൽ മേൽക്കൈ ലഭിക്കുന്നത് ഇന്ത്യൻതാൽപ്പര്യങ്ങൾക്ക് ഒട്ടും ഗുണകരമല്ല. ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശമാക്കിയ ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനങ്ങളെ അന്താരാഷ്ട്രവൽക്കരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നതാണ് അമേരിക്കൻ പിൻമാറ്റത്തിനുശേഷം കാബൂളിലെ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ മേൽനോട്ട ചുമതല തുർക്കിയെ ഏൽപ്പിക്കാൻ ധാരണയായെന്ന വാർത്ത. കശ്മീർപ്രശ്നത്തിലടക്കം ഇന്ത്യക്കെതിരായ നിലപാടെടുത്തിട്ടുള്ള തുർക്കികൂടി കാബൂളിലെത്തുന്നത് ഇന്ത്യക്ക് ഒട്ടുംതന്നെ ഗുണകരമാകില്ല. 2020 മാർച്ച് 25ന് കാബൂളിലെ ഗുരുദ്വാരയിൽ നടത്തിയ ആക്രമണത്തിൽ 25 വിശ്വാസികൾ കൊല്ലപ്പെട്ടത് ഇന്ത്യാവിരുദ്ധ ഭീകരസംഘങ്ങളുടെ താവളമായി അഫ്‌ഗാൻ മാറാൻ പോകുന്നുവെന്നതിന്റെ അപകടസൂചന കൂടിയാണ്.
രണ്ടുദശകത്തിനുള്ളിൽ ഏകദേശം ആയിരംകോടി ഡോളർ ചെലവഴിച്ച് യുഎസ് നടത്തിയ യുദ്ധത്തിൽ എന്തുനേട്ടമാണുണ്ടാക്കിയതെന്ന് അമേരിക്കൻ പൗരന്മാരെങ്കിലും ഗൗരവമായി ചിന്തിക്കണം. ആഗോളതലത്തിൽ അധീശത്വം നിലനിർത്തുകയെന്ന ലക്ഷ്യംമാത്രമുണ്ടായിരുന്ന ഈ യുദ്ധത്തിൽ 2300 യുഎസ് പട്ടാളക്കാരുൾപ്പെടെ നാറ്റോസഖ്യത്തിലെ 3500 സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിൽ കൊല്ലപ്പെട്ട രണ്ടരലക്ഷത്തോളംപേരിൽ ഒരുലക്ഷംപേർ സാധാരണ പൗരന്മാരാണ്. ചുരുക്കത്തിൽ അഫ്ഗാനിൽ 2001ൽ നടത്തിയ സായുധകടന്നുകയറ്റവും രണ്ടുദശാബ്ദത്തിനുശേഷമുള്ള പിന്മാറ്റവും അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കാനല്ല സഹായിച്ചത്, പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുകയാണു ചെയ്തത്.
ആരാലും ചോദ്യംചെയ്യാനില്ലാത്ത സാഹചര്യത്തിൽ താലിബാനെപ്പോലൊരു ഭീകരസംഘത്തിന്റെ കൈയിൽ അധികാരം ഏൽപ്പിച്ചുകൊടുത്താണ് അമേരിക്ക മടങ്ങാൻ തയ്യാറെടുത്തുനിൽക്കുന്നത്. പ്രശ്നപരിഹാരത്തിനുള്ള ഈ അമേരിക്കൻകുറിപ്പടി അഫ്ഗാനിസ്ഥാനോ ഇന്ത്യക്കോ ദക്ഷിണേഷ്യക്കോ ഗുണകരമാകില്ലെന്നുമാത്രമല്ല, ലോകസമാധാനത്തിനുതന്നെ ഭീഷണിയുമാണ്.
(കേരള സർവകലാശാലാ അന്താരാഷ്ട്ര മാർക്സിയൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടറാണ് ലേഖകൻ)