ടോക്യോ: ഒളിമ്പിക്‌സില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ മലയാളി താരം സജന്‍ പ്രകാശ് സെമി ഫൈനല്‍ കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച സജന്‍ രണ്ടാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി. എന്നാല്‍ മികച്ച 16 പേരില്‍ ഒരാളായി സെമി ഫൈനലിലെത്താന്‍ കഴിഞ്ഞില്ല. സമയം:53.45
ഹീറ്റ്സിൽ ഏറ്റവും മികച്ച സമയകുറിക്കുന്ന 16 പേരാണ് സെമി ഫൈനലിന് യോഗ്യത നേടുക. ഇതോടെ നീന്തലില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.
100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയ്ക്ക് പുറമേ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും സജന്‍ മത്സരിച്ചിരുന്നു. 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ ശ്രീഹരി നടരാജും വനിതാ വിഭാഗത്തില്‍ മാനാ പട്ടേലും ഇന്ത്യക്കായി പൂളിലിറങ്ങിയിരുന്നു.
അതേസമയം, ഒളിംപിക്സ് ബോക്സിങ് 51 കിലോ വിഭാഗത്തില്‍ മേരി കോമും പുറത്ത്. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോട് തോറ്റു. ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലമെഡല്‍ ജേതാവാണ് മേരി കോം. മേരി കോമിന്റെ അവസാന ഒളിംപിക്സാണിത്. പുരുഷ ഹോക്കിയിൽ ഇന്ത്യൻ ടീമിനും ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ പി.വി. സിന്ധുവിനും പിന്നാലെ പുരുഷൻമാരുടെ ബോക്സിങ് സൂപ്പർ ഹെവിവെയ്റ്റ് (91 കിലോഗ്രാം) വിഭാഗത്തിൽ ഇന്ത്യൻ താരം സതീഷ് കുമാറും ക്വാർട്ടറിലെത്തി.