തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വാക്സിനേഷൻ പ്രതിസന്ധിയിൽ. ഭൂരിഭാഗം ജില്ലകളിലും വാക്സിൻ സ്റ്റോക്ക് തീർന്നു. കോവിഷീൽഡ് തീർന്നതോടെ ഇന്ന് വാക്സിനേഷൻ പൂർണമായി മുടങ്ങുമെന്നതാണ് സ്ഥിതി. അതേസമയം ഇന്ന് കൂടുതൽ വാക്സിൻ എത്തിയേക്കുമെന്നാണ് അനൗദ്യോഗിക വിവരം. കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ക്ക് ഉറപ്പുനൽകി.
കോവിഡ് വാക്സിനേഷനിൽ ഇതാദ്യമായാണ് ഇത്രയധികം പ്രതിസന്ധി സംസ്ഥാനത്തുണ്ടാക്കുന്നത്. ഇടുക്കിയിലും എറണാകുളത്തും മാത്രമാണ് ഇന്ന് വാക്സിനേഷൻ നടക്കൂ. മറ്റ് ജില്ലകളിലെല്ലാം സ്റ്റോക്ക് തീർന്നു. എറണാകുളത്ത് കോവിഷീൽഡ് ഇല്ല. 18830 ഡോസ് കോവാക്‌സിനാണ് ശേഷിക്കുന്നത്.
ഇടുക്കിയിൽ 970 ഡോസ് കോവിഷീൽഡും 1600 കോവാക്‌സിനുമാണ് സ്റ്റോക്കുള്ളത്. ഇത് ഒരു മണിക്കൂറിൽ തന്നെ തീരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മൂന്ന് ദിവസമായി വാക്സിനേഷൻ മുടങ്ങിയിരിക്കുകയാണ്. ഇന്ന് രാത്രിയോടെ അഞ്ച് ലക്ഷം വാക്സിൻ എത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് രണ്ട് ദിവസത്തിനുള്ളിൽ കൊടുത്ത് തീർക്കാനാണ് തീരുമാനം.