കൊച്ചി: തന്റെ കസ്റ്റഡിയില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ്ടോപ്പും വ്യാജ തെളിവുകള്‍ ഉണ്ടാക്കാനായി ഉപയോഗിക്കപ്പെടുമെന്ന് ആരോപണം ഉന്നയിച്ച് ലക്ഷദ്വീപ് ആക്ടിവിസ്റ്റും സിനിമാക്കാരിയുമായ ആയിഷ സുല്‍ത്താന. ലാപ്ടോപ് ഫൊറന്‍സിക് പരിശോധനയ്ക്ക് എന്ന പേരില്‍ ഗുജറാത്തിലെ ലാബിലേയ്ക്ക് അയച്ചത് ദുരുദ്ദേശ്യപരമാണെന്നും ലാപ്ടോപ്പിന്റെയും മൊബൈല്‍ ഫോണിന്റെയും പരിശോധനാ ഫലങ്ങളില്‍ തിരിമറി നടത്താനുള്ള സാധ്യത കാണുന്നുണ്ടെന്നും ആരോപിച്ച് ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്.
രാജ്യദ്രോഹ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയിലെ മറുപടിയിലാണ് ലക്ഷദ്വീപ് ഭരണകൂടം ആയിഷ സുൽത്താനക്കെതിരെ ഗുരുതര ആരോപണം നടത്തിയത്. ആയിഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും രാജ്യദ്രോഹ കേസിന് പിറകെ ചില മേസേജുകൾ ദുരൂഹമായി നീക്കം ചെയ്തെന്നുമായിരുന്നു ആരോപണം. എന്നാൽ കവരത്തി പൊലീസിന്റെ ആരോപണം തള്ളിയ ആയിഷ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കൻ ശ്രമമുണ്ടെന്ന് ആരോപണം ഉയർത്തുകയാണ്.
ബയോവെപ്പൺ പരാമർശവുമായി ഒരു ബന്ധവുമില്ലാഞ്ഞിട്ടും തന്റെ ഫോൺ, ലാപ് ടോപ്പ് എന്നിവ പൊലീസ് പിടിച്ചെടുത്തു. ഇവ ആരുടെ കൈയ്യിലാണെന്ന് പോലും തനിക്കറിയില്ല. കോടതി അറിയാതെയാണ് ഇവ ഗുജറാത്തില്‍ പരിശോധനയ്ക്ക് അയച്ചെന്നാണ് അറയുന്നത്. അഡ്മിനിസ്ട്രേറ്റര്‍ക്ക് സ്വാധീനമുള്ള ഗുജറാത്തിലേക്ക് ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയച്ചത് ദുരൂഹമാണെന്നും ആയിഷ പറയുന്നു.
ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ഗൂഡാലോചനയുണ്ടെന്ന വാദവും ആയിഷ സുല്‍ത്താന തള്ളി. ചാനൽ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സമയത്ത് തന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. വാട്സ് ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ല. പ്രവാസി സുഹൃത്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് തന്റെ അക്കൗണ്ടിലേക്ക് പണമയച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ആയിഷ ഹൈക്കോടതിയെ അറയിച്ചു.