തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ കോവിഷീൽഡ് സ്റ്റോക്ക് തീർന്നു.ഇന്നലെ വാക്സിൻ തീർന്ന 4 ജില്ലകൾക്ക് പുറമെ കോട്ടയം, വയനാട് ജില്ലകളിലും ഇനി കോവാക്സിൻ മാത്രമേയുള്ളൂ. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ ജില്ലകളിലെ സർക്കാർ മേഖലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ അടഞ്ഞുതന്നെ കിടക്കുന്നു. കോട്ടയത്ത് ഇനി 3500 ഡോസ് കോവാക്സിൻ മാത്രമേ ഉള്ളൂ. വയനാട് 4000 ഡോസ് കോവാക്സിൻ മാത്രം. ഇത് ഇന്ന് തീരും. കാസർഗോഡ് വാക്സിനില്ലാത്തതിനാൽ ഇത് സെക്കൻഡ് ഡോസുകാർക്ക് മാത്രമാക്കി ചുരുക്കി.
സംസ്ഥാനത്ത് ആകെ 577 കേന്ദ്രങ്ങളേ ഇന്ന് പ്രവർത്തിക്കുന്നുള്ളൂ. സ്വകാര്യ മേഖലയിലെ വാക്സിനേഷൻ വഴിയും ശേഷിക്കുന്ന കോവാക്സിൻ ഡോസ് വഴിയുമാണ് ഇന്നത്തെ വാക്സിനേഷൻ മുന്നോട്ടു പോകുന്നത്. 29-നേ ഇനി വാക്സിൻ എത്തൂവെന്നാണ് വിവരം. ക്ഷാമം തുടരുന്നതോടെ സെക്കൻഡ് ഡോസുകാർക്ക് മാത്രമായി വാക്സിനേഷൻ ചുരുക്കേണ്ടി വരുന്നതും, ആദ്യഡോസുകാർ ഇനിയും കാത്തിരിക്കേണ്ടി വരുന്നതും പ്രതിസന്ധിയാകും.