ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തില്‍ വെള്ളിമെഡൽ നേടിയ മീരാബായ് ചാനുവിന് എഎസ്പിയായി നിയമനം. പോലീസ് സേനയില്‍ അഡീഷണല്‍ സൂപ്രണ്ട് ആയി മീരാബായിയെ നിയമിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിങ്ങ് വിക്തമാക്കി. സമ്മാനമായി ഒരു കോടി രൂപയും ബിരെന്‍ സിങ്ങ് പ്രഖ്യാപിച്ചു.
റെയിൽവേയിലെ ടിക്കറ്റ് എക്സാമിനർ ആയിരുന്നു ചാനു. കഴിഞ്ഞ ദിവസം താരവുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ ഈ ജോലിക്ക് പകരം മറ്റൊരു ജോലി നൽകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി മീരാബായ്ക്ക് ഉറപ്പുനൽകിയിരുന്നു.
വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായ് ചാനു വെള്ളിമെഡൽ നേടിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതകൂടിയാണ് ചാനു. 2000-ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വാഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്.
അതേസമയം, മീരാബായ് ചാനുവിൻ്റെ മെഡൽ സ്വർണം ആവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വർണം നേടിയ ചൈനയുടെ ഷിഹൂയി ഹൗവിനെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയയാക്കും. പരിശോധനയിൽ പരാജയപ്പെട്ടാൽ താരത്തെ അയോഗ്യയാക്കുകയും രണ്ടാമതെത്തിയ ചാനുവിനെ ജേതാവായി പ്രഖ്യാപിക്കുകയും ചെയ്യും.