തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ജില്ലിയിലാണ് മൂന്ന് രോഗികളും. ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കല്‍ കോളേജ് സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 51 ആയി. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരോ അല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം , സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.59 ശതമാനമാണ്. 135 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്.