കൊച്ചി: കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കളമശ്ശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥയിലുള്ള താറാവുകളാണ് ചത്തത്. വിദഗ്ധ പരിശോധനയ്ക്കായി താറാവുകളുടെ ആന്തരിക അവയവങ്ങൾ ലാബിലേക്ക് അയച്ചു. സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന നടത്തി. സംഭവത്തിൽ കളമശേരി നഗരസഭ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വർഷങ്ങൾ ഏറെയായി ഷംസുദ്ദീൻ എന്ന കർഷകൻ താറാവ് കൃഷി ആരംഭിച്ചിട്ട്. എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. കഴിഞ്ഞ ഒരു മാസ കാലയളവിനുള്ളിൽ 600 ൽ അധികം താറാവുകൾ ചത്തൊടുങ്ങി.
ആദ്യ ഘട്ടത്തിൽ തന്നെ പരിശോധന നടത്തിയെങ്കിലും താറാവുകൾ ചാകാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഷംസുദ്ദീൻ പറയുന്നു. ശനിയാഴ്ചകളിലാണ് താറാവുകൾ കൂടുതലായി ചാകുന്നത്.