ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ ബിജെപി നേതാക്കളേയും മന്ത്രിമാരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കർഷകർ. സ്വാതന്ത്ര്യ ദിനത്തിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഹരിയാനയിലുടനീളം വൻ പ്രതിഷേധവും സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ലെ പ്രക്ഷോഭം ആസൂത്രണം ചെയ്യാൻ യോഗം ചേരാനും കർഷക യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ ബിജെപി നേതാക്കളേയും മന്ത്രിമാരെയും അനുവദിക്കില്ലെന്നാണ് കർഷകർ പറയുന്നത്. ബിജെപി നേതാക്കൾ ഈ പതാക അർഹിക്കുന്നില്ല എന്നും കർഷകർ വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനത്തിൽ ജന്തർമന്തറിൽ പ്രതിഷേധിക്കാൻ കർഷകരെ അനുവദിച്ചിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) യിൽ നിന്ന് 200 പേർക്കാണ് പ്രതിഷേധിക്കാൻ അനുമതിയുള്ളത്.
കർഷക പ്രതിഷേധത്തിെൻറ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ആരംഭിച്ച പാർലമെൻറിെൻറ മൺസൂൺ സെഷനിൽ ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സിങ്കു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ ഡൽഹി അതിർത്തികൾ ഉൾപ്പെടെ പൊലീസ് ബന്തവസ്സിലാണ്.
















