കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. മലയാളിതാരം സഞ്ജു സാംസൺ ഉൾപ്പടെ അഞ്ച് പുതുമുഖ താരങ്ങൾ ടീമിൽ ഇടംപിടിപിച്ചു. ഇന്ത്യൻ ടീമിനായി സഞ്ജു സാംസൺ ഏകദിനം കളിക്കുന്നത് കാണാൻ ഏറെനാളുകളായുള്ള മലയാളികളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.
സഞ്ജു സാംസണ് പുറമേ നിധീഷ് റാണ, രാഹുൽ ചഹർ, ചേതൻ സക്കരിയ, കൃഷ്ണപ്പ ഗൗതം എന്നിവരും ഇന്ന് ആദ്യമായി ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കും. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ആദ്യത്തെ രണ്ട് മത്സരവും ഇന്ത്യ ജയിച്ചിരുന്നു.
പരിക്കിനെ തുടർന്നാണ് സഞ്ജു സാംസണെ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ പരിക്കിൽ നിന്ന് മുക്തനായതോടെയാണ് ടീമിലേക്കുള്ള വഴി തെളിഞ്ഞത്. രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ യൂത്ത് ടീമാണ് ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കുന്നത്. ശിഖർ ധവാനാണ് ഇന്ത്യൻ പടയെ നയിക്കുന്നത്.
വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ഒന്നാംനിര താരങ്ങളുടെ ടീം ഇംഗ്ലണ്ട് പര്യടനത്തിലാണ്. ശ്രീലങ്കയിലേക്ക് രണ്ടാംനിര ടീമിനെ അയച്ച ഇന്ത്യയുടെ നടപടിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ശ്രീലങ്കൻ ഇതിഹാസതാരം അർജുന രണതുംഗ ഉൾപ്പെടെ ഈ നടപടിയിൽ വിമർശനം ഉന്നയിച്ചിരുന്നു.