മുംബൈ: മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ തുടരുന്ന ശക്തമായ മഴയിൽ പതിമൂന്ന് മരണം. വൻ നാശ നഷ്ടമാണ് വിവിധ ഇടങ്ങളിൽ സംഭവിച്ചത്. ആയിരകണക്കിന് പേരെ മാറ്റിപാര്‍പ്പിച്ചു. നിരവധി വീടുകളും കൃഷിയിടങ്ങളും തകര്‍ന്നു.
കൊങ്കന്‍മേഖലയും തെലങ്കാനയുടെ വടക്കന്‍ ജില്ലകളിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളടക്കം തകർന്ന് വ്യാപക നാശനഷ്ടം. ഉത്തരകന്നഡയില്‍ ഒഴുക്കില്‍പ്പെട്ട് ആറ് യുവാക്കളെ കാണാതായി. കൊങ്കന്‍മേഖലയിലൂടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കി.
ഗോദാവരി കൃഷ്ണ നദീ തീരങ്ങളിലാണ് പ്രളയഭീഷണി. ഇന്നലെ തുടങ്ങിയ ശക്തമായ മഴയില്‍ നദികള്‍ കരകവിഞ്ഞു. മഹാരാഷ്ട്രയിലെ രത്നഗിരി റായ്ഗഡ് മേഖലയില്‍ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി.
ഒഴുക്കില്‍പ്പെട്ടും വീട് തകര്‍ന്നും മഹരാഷ്ട്രയില്‍ മാത്രം എട്ട് പേര്‍ മരിച്ചു. കൊങ്കന്‍ മേഖലയില്‍ വെള്ളക്കെട്ട് ഉയര്‍ന്നതോടെ നിരവധി യാത്രക്കാരാണ് കുടുങ്ങികിടക്കുന്നത്. മുംബൈ ഗോവ ദേശീയപാത തല്ക്കാലത്തേക്ക് അടച്ചു.
ഹുബ്ലിയില്‍ ഒഴുക്കില്‍പ്പെട്ട് ആറ് യുവാക്കളെ കാണാതായി. തെലങ്കാനയില്‍ 16 ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമാണ്. വീട് തകര്‍ന്ന് വീണ് ആസിഫാബാദില്‍ മൂന്ന് പേര്‍ മരിച്ചു. ഗോദാവരി തീരത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കി.
ആന്ധ്രയിലെ സമീപ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വേദഗംഗ നദി കരവിഞ്ഞതോടെ ബെംഗ്ളൂരു പൂണെ ദേശീയപാത തല്ക്കാലത്തേക്ക് അടച്ചു. നേവിയുടെയും ദേശീയദുരന്തനിവാരണ സേനയുടെയും കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചു. മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി വിലയിരുത്തി.
















