ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. നാളെ മുതല്‍ മെഡല്‍ പോരാട്ടങ്ങള്‍ ആരംഭിക്കും.കാണികളില്ലാതെ ആരവമില്ലാതെയാണ് വിശ്വമേള നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന ഉദ്ഘാടന ചടങ്ങിലും ഗ്യാലറികള്‍ ഒഴിഞ്ഞു കിടക്കും. രാഷ്ട്രത്തലവന്‍മാരും പ്രതിനിധികളും സ്‌പോണ്‍സര്‍മാരും ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ ആയിരത്തില്‍ താഴെ ആളുകള്‍ക്കാണ് പ്രവേശനം.
നിലവിലെ സാഹചര്യം പരിഗണിച്ചുള്ള ആട്ടവും പാട്ടും മേളവുമെല്ലാമാണ് ചടങ്ങിനുണ്ടാവുക. വ്യോമസേന ആകാശത്ത് ഒളിമ്പിക് വളയങ്ങൾ തീർക്കും. പിന്നാലെ ഒളിംപിക്‌സ് ഉദ്ഘാടനം ചെയ്‌തതായി ജപ്പാൻ ചക്രവർത്തി നരുഹിതോ പ്രഖ്യാപിക്കും. പതിനഞ്ച് രാഷ്‌ട്രത്തലവൻമാർ ചടങ്ങിന് സാക്ഷിയാവും. അമേരിക്കയാണ് നിലവിലെ ചാമ്പ്യൻമാർ. അടുത്ത വെള്ളിയാഴ്‌ചയാണ് അത്‍ലറ്റിക്‌സ് മത്സരങ്ങൾക്ക് തുടക്കമാവുക. കൊവിഡ് കാരണം നിരവധി താരങ്ങളും ഉത്തരകൊറിയയും ഗിനിയയുമെല്ലാം വിട്ടുനിൽക്കുന്ന ഒളിംപിക്‌സിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യയും തയ്യാർ. ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.