ജീവനേക്കാള്‍ വലുതല്ല, യാത്ര ചെയ്യാനാവുക എന്നത്. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ മിക്കവരും കൂട്ടത്തോടെ യാത്ര ചെയ്യാനും തുടങ്ങി. കോവിഡ് നിയന്ത്രണ വിധേയമല്ലാത്ത ഈ സമയത്ത് യാത്ര ചെയ്യുക അപകടകരമാണ് എന്ന് മാത്രമല്ല, മറ്റുള്ളവരുടെ ജീവന് കൂടി ഭീഷണിയാണ്. യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് കയ്യില്‍ വേണം എന്നതടക്കമുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇവയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് യാത്ര ചെയ്യുന്നവരെക്കുറിച്ചുള്ള ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
കോവിഡ് ഇല്ലെന്നു കാണിക്കുന്ന നെഗറ്റീവ് ആര്‍ടി-പിസിആര്‍ കൃത്രിമമായി ഉണ്ടാക്കി യാത്ര ചെയ്യുന്ന പല വിരുതന്മാരെയും പല സംസ്ഥാനങ്ങളിലും പിടികൂടിക്കൊണ്ടിരിക്കുകയാണ്. അതും എന്തെങ്കിലും അത്യാവശ്യങ്ങള്ക്കായല്ല, വിനോദസഞ്ചാരത്തിനായാണ് എന്നതാണ് കൗതുകകരം. മൂന്നാം തരംഗം തടയുന്നതിനായുള്ള നടപടികള്‍ ഊര്‍ജ്ജിതമായി മുന്നേറുന്നതിനിടെയാണ് ഇതും നടക്കുന്നത്.
വ്യാജ നെഗറ്റീവ് റിപ്പോർട്ടുകളുമായി ഡെറാഡൂണിലെത്തിയ 13 പേരെ അറസ്റ്റ് ചെയ്തതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. പല പൗരന്മാരും ഇപ്പോഴും ഈ പകർച്ചവ്യാധിയെ ഗൗരവമായി കാണുന്നില്ലെന്നും രാജ്യത്തെ നിയമങ്ങളെ പൂർണമായും അവഗണിക്കുന്നുവെന്നുമാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ഇങ്ങനെ വ്യാജ രേഖകൾ നിർമിക്കുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . ഇത്തരം 100 വ്യാജ ആർടി പിസിആർ റിപ്പോർട്ടുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വസിക്കുന്ന ആളുകളുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടും തികച്ചും നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊള്ളുന്നത്.
സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ അല്‍പ്പം ഇളവുവരുത്തിയതോടെ, ഉത്തരാഖണ്ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ മസ്സൂറി, നൈനിറ്റാള്‍ മുതലായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂട്ടം കൂട്ടമായാണ് വിനോദസഞ്ചാരികള്‍ എത്തുന്നത്. അടിസ്ഥാന നിയമങ്ങളും നിയന്ത്രണങ്ങളും സഞ്ചാരികള്‍ ഇപ്പോഴും പാലിക്കേണ്ടതുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇപ്പോഴും ആർടി-പിസിആർ പരിശോധന റിപ്പോർട്ട് ആവശ്യമാണ്. സഞ്ചാരികള്‍ യാത്രക്ക് പരമാവധി 72 മണിക്കൂര്‍ മുന്‍പെടുത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് കയ്യില്‍ കരുതണം.
കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഉത്തരാഖണ്ഡിലെ സർക്കാരും സംസ്ഥാനത്തേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം സംബന്ധിച്ച് ഇതിനകം തന്നെ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ, വ്യാജ കോവിഡ് റിപ്പോർട്ടുകള്‍ കൂടി പിടികൂടുന്ന സാഹചര്യത്തില്‍ സ്ഥിതി കൂടുതൽ ഗുരുതരമാണ്. ഉത്തരാഖണ്ഡിലേതു കൂടാതെ ഇത്തരം വ്യാജറിപ്പോര്ട്ടുകള് ഉണ്ടാക്കി വില്‍പ്പന നടത്തുന്ന ഒരു 24- കാരനെ കഴിഞ്ഞയാഴ്ച മുംബൈ പൊലീസ് പിടികൂടിയിരുന്നു.
നിയമലംഘകരെ പിടികൂടുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ചെക്ക്പോസ്റ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍, ഇവ എത്രത്തോളം പ്രയോജനകരമാണ് എന്നത് സംശയകരമാണ്. കൂടുതല്‍ അപകടകരമായ സ്ഥിതിയിലേക്ക് രാജ്യം വഴുതി വീഴുന്നത് തടയാന്‍ ഓരോ പൗരനും ശ്രദ്ധിച്ചേ മതിയാകൂ.