ഇടുക്കി: അധ്യാപകന്റെ പക്കൽ നിന്നും പരീക്ഷ പേപ്പർ നഷ്‌ടപ്പെട്ടതിനാൽ 20 വിദ്യാർത്ഥികൾ പുനപരീക്ഷയ്‌ക്കൊരുങ്ങുന്നു. തൊടുപുഴ ന്യൂമാൻ കോളേജിലെ ബി കോം വിദ്യാർത്ഥികൾക്കാണ് അധ്യാപകന്റെ അശ്രദ്ധ മൂലം വീണ്ടും പരീക്ഷ എഴുതേണ്ടി വരിക. ബസ് യാത്രയ്ക്കിടെ ഉറങ്ങിപ്പോയ അധ്യാപകന് ഉത്തരക്കടലാസുകൾ നഷ്‌ടമാവുകയായിരുന്നു.
ജനുവരി മാസത്തിലായിരുന്നു പരീക്ഷ നടന്നത്. പരീക്ഷ പേപ്പർ നഷ്ടമായ ദിവസം തന്നെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പേപ്പർ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പേപ്പർ നഷ്‌ടമായ വിവരം എം ജി സർവകലാശാലയിൽ അറിയിക്കുകയും ചെയ്തിരുന്നു.
ഈ മാസം സർവകലാശാല ബി കോം വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ 20 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ് വച്ചിരിക്കുകയാണ്. സപ്ലിമെന്ററി പരീക്ഷയ്‌ക്കൊപ്പം ഇവർ പുനഃപരീക്ഷ എഴുതണം. പക്ഷെ ഈ മാർക്ക് ‘സപ്ലിമെന്ററി’ എന്ന് രേഖപ്പെടുത്താതെയാകും മാർക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുക. ഈ മാസം 26ന് കോളേജ് പ്രിൻസിപ്പാലിനെ ഹിയറിങ്ങിന് വിളിപ്പിച്ചിട്ടുണ്ട്.