പത്താംക്ലാസ് ജയിച്ച വയനാട്ടിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇക്കുറിയും ഹയര്‍ സെക്കന്‍ഡറി പ്രവേശനം സാധ്യമാവില്ല. 11,518 കുട്ടികളാണ് എസ്.എസ്.എല്‍.സി. പരീക്ഷ ജയിച്ചത്. ആകെ 8650 പ്ലസ്‌വണ്‍ സീറ്റുകളാണ് ജില്ലയിലുള്ളത്. വിജയശതമാനത്തിന് ആനുപാതികമായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചാല്‍ 9988 സീറ്റുകളാവും. എന്നാല്‍ പോലും വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം കിട്ടില്ല. ഇതിനിടെ സേ പരീക്ഷ എഴുതി വിജയിക്കുന്ന കുട്ടികളെ കൂടി പരിഗണിച്ചാല്‍ ആവശ്യമുള്ള സീറ്റുകളുടെ എണ്ണം ഇനിയും കൂടും.
ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 8650 സീറ്റുകളും വി.എച്ച്.എസ്.ഇ.യില്‍ 730 സീറ്റുകളും പോളിടെക്‌നിക്, ഐ.ടി.ഐ. കോഴ്‌സുകളില്‍ 450 വീതം സീറ്റുകളുമാണുള്ളത്. ഹയര്‍ സെക്കന്‍ഡറിയില്‍ സയന്‍സിന് 77 ബാച്ചാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 36 ബാച്ചും എയ്ഡഡ് സ്‌കൂളുകളില്‍ 32 ബാച്ചും അണ്‍എയ്ഡഡില്‍ ഒമ്പത് ബാച്ചും. ആകെ 3850 സീറ്റുകളാണ് സയന്‍സിലുള്ളത്. ജില്ലയില്‍ സയന്‍സ് വിഷയത്തിനാണ് ഏറ്റവും കൂടുതല്‍ സീറ്റുള്ളത്.
കൂടുതല്‍ കുട്ടികള്‍ താത്പര്യപ്പെടുന്ന കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് കോഴ്‌സുകള്‍ക്ക് സീറ്റുകള്‍ കുറവാണ്. ഹ്യുമാനിറ്റീസിന് 45 ബാച്ചാണ് ജില്ലയില്‍ ആകെയുള്ളത്. 31 സര്‍ക്കാര്‍ സ്‌കൂളുകളിലും 14 എയ്ഡഡ് സ്‌കൂളുകളിലുമാണ് ഹ്യുമാനിറ്റീസ് ബാച്ചുകള്‍ ഉള്ളത്. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നില്‍ പോലും ഹ്യുമാനിറ്റീസ് ബാച്ചില്ല. ആകെ 2250 സീറ്റുകളാണുള്ളത്. കൊമേഴ്‌സിന് 51 ബാച്ചുകളുണ്ട്. 33 സര്‍ക്കാര്‍ സ്‌കൂളുകളിലും 13 എയ്ഡഡ്, അഞ്ച് അണ്‍എയ്ഡഡ് സ്‌കൂളുകളുമാണ് കൊമേഴ്‌സ് ഉള്ളത്. ആകെ 2550 സീറ്റുകളാണുള്ളത്.
മുന്‍വര്‍ഷങ്ങളിലേതു പോലെ അപര്യാപ്തതകളുടെ ഫലമറിയുക ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ തന്നെയായിരിക്കുമെന്നതിന്റെ സൂചനകളാണ് അധികൃതരും നല്‍കുന്നത്. 2287 പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് വിജയിച്ചത്. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് എട്ടുശതമാനം സംവരണവും പട്ടികജാതി വിഭാഗക്കാര്‍ക്ക് 12 ശതമാനം സംവരണവുമാണ് പറയുന്നത്. എന്നാല്‍ ജില്ലയില്‍ പട്ടികജാതി വിഭാഗക്കാരുടെ എണ്ണം കുറവാണ്. അതിനാല്‍ പ്രത്യേക ഉത്തരവ് പ്രകാരം പട്ടികവര്‍ഗക്കാര്‍ക്ക് 12 ശതമാനം സംവരണം അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.
സമാനമായി ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ കൂടുതലായി താത്പര്യം കാണിക്കുന്ന ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് സീറ്റുകള്‍ സയന്‍സ് വിഷയത്തെ അപേക്ഷിച്ച് കുറവാണ്. സ്വാഭാവികമായും സംവരണത്തിലൂടെയായാലും സയന്‍സ് വിഷയങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.
മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണവും ഇക്കുറി കൂടുതലാണ്. 2566 കുട്ടികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1659 കുട്ടികളാണ് കൂടുതലായി എ പ്ലസ് നേടിയത്. ഇത് മികച്ച ഗ്രേഡുകള്‍ നേടിയവര്‍ക്കുപോലും ഇഷ്ടവിഷയത്തിന് വേണ്ടി മത്സരിക്കേണ്ട അവസ്ഥയുണ്ടാക്കും. വെയ്‌റ്റേജ് മാര്‍ക്കുകള്‍കൂടി പരിശോധിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടവിഷയത്തിന് ഇഷ്ടപ്പെട്ട സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കണമെന്നില്ല. പഠിച്ച സ്‌കൂളുകളില്‍ തന്നെ തുടര്‍പഠനമെന്ന സാധ്യത പോലും ഭൂരിഭാഗം പേര്‍ക്കും അപ്രായോഗികമാകും.
ഹയര്‍ സെക്കന്റഡി സീറ്റുകള്‍ കൂട്ടണമെന്നും അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ എം.എല്‍.എ.മാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും തിരുവനന്തപുരത്തെത്തി വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവരെ കാണുമെന്നാണ് അറിയുന്നത്. സമാനമായി പരമാവധി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയത്തില്‍ തന്നെ പ്രവേശനം ഉറപ്പാക്കാന്‍ ഹെല്‍പ്പ്‌ഡെസ്‌ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും പരിഗണനയിലുണ്ട്.