ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിനെ തുടർന്ന് കർണാടകയിലെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ ആരോഗ്യമേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നതിനായി തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി സർക്കാർ അടിയന്തരമായി നൽകി.
മെഡിക്കൽ, ഡെൻറൽ കോളജുകൾ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഴ്സിങ് കോളജുകൾ, ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട കോളജുകൾ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റു കോളജുകൾ തുടങ്ങിയവ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയത്. എത്രയും പെട്ടെന്ന് തുറന്ന് പ്രവർത്തിക്കാനുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ തന്നെ അടുത്ത ദിവസങ്ങളിൽ ആരോഗ്യമേഖലയിലെ കോളജുകളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചേക്കും.