ന്യൂഡല്‍ഹി: ബിജെപിയെ ഭയപ്പെടുന്ന കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്ക് പുറത്തുപോകണമെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കള്‍ക്കെതിരായ രാഹുലിന്റെ പരാമർശം.
“ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. അത്തരക്കാര്‍ക്ക് ആര്‍.എസ്.എസ്സിലേക്ക് പോകാം. ഞങ്ങള്‍ക്കു നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളത്.”- രാഹുല്‍ വ്യക്തമാക്കി.
അടുത്തിടെ ബി.ജെ.പി.യില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ എന്നിവരെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. മധ്യപ്രദേശിലെ ഒട്ടേറെ കോണ്‍ഗ്രസ് എം.എല്‍.എ.മാരുമായി ബി.ജെ.പി.യിലെത്തിയ സിന്ധ്യ അടുത്തിടെ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു.
3,500 പ്രവര്‍ത്തകരാണ് വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടിയുടെ ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തില്‍ പ്രവര്‍ത്തകര്‍ ഉറച്ചു നില്‍ക്കണമെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി രോഹന് ഗുപ്ത പറഞ്ഞു. സര്‍ക്കാരിന്റെ തെറ്റുകള്‍ക്കെതിരെ പോരാടണമെന്ന് രാഹുല്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടുവെന്ന് ഗുപ്ത പറഞ്ഞു.
കഴിഞ്ഞദിവസമാണ് സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച്ച നടത്തിയത്. പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് രാഹുലെന്നാണ് കൂടിക്കാഴ്ച്ച നല്‍കുന്ന സൂചന.