മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത മലയാള ചിത്രം മാലിക്കില്‍ ഫഹദ് ഫാസിലിന്‍റെ അഭിനയത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത. ഫഹദിന്റേത് നൈസർഗികാഭിനയമെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മാലിക് സിനിമയിലെ ഫഹദ് ഫാസിലിന്റെ സുലൈമാൻ അലി എന്ന കഥാപാത്രത്തിന്റെ ചിത്രവും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
2013-ലെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംവിധായകനാണ് ഹൻസൽ മേത്ത. അദ്ദേഹത്തിന്റെ ഷാഹിദ് എന്ന സിനിമയ്ക്കാണ് അവാർഡ് ലഭിച്ചത്.
മാലിക്കില്‍ ഫഹദിന്‍റെ അഭിനയത്തെ പ്രശംസിച്ച് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. മലയാള സിനിമയുടെ നവതരംഗത്തിലെ പ്രധാനിയെന്നാണ് ഫഹദ് ഫാസിലിനെ അന്തര്‍ദേശീയ മാധ്യമമായ ‘അല്‍ജസീറ’ വിശേഷിപ്പിച്ചത്.
20 വര്‍ഷത്തെ ഫഹദ് ഫാസിലിന്റെ സിനിമാ ജീവിതത്തില്‍ ഒരു സുപ്രധാന വഴിത്തിരിവാണ് മാലിക് ഉണ്ടാക്കിയിരിക്കുന്നത്. പുത്തന്‍ മാറ്റങ്ങള്‍ നടക്കുന്ന മലയാള സിനിമയുടെ നായകന്‍ എന്ന് കരുതപ്പെടുന്ന ഫഹദിന് വലിയൊരു മാറ്റം തന്നെ ചിത്രത്തിലൂടെ ഉണ്ടാകും. ഫഹദ് ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളും കയ്യടി അര്‍ഹിക്കുന്നതാണെന്നും അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കയ്യെത്തും ദൂരത്ത് അഭിനയിച്ചതുമുതലുള്ള ഫഹദിന്റെ സിനിമാ ജീവിതത്തെയും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസായത്. സിനിമക്ക് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന മാലിക് കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.
പിന്നീട് രണ്ടാം തരംഗം ശക്തമായതോടെ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്. സനല്‍ അമന്‍, പാര്‍വതി കൃഷ്ണ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.