ടിയാഗോ ടിഗോർ സിഎൻജി പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ.ടിഗോർ സിഎൻജിയും ടിയാഗോ സിഎൻജിയും ഇതിനകം ഇന്ത്യൻ റോഡുകളിൽ പലതവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദീപാവലിക്ക് മുമ്പായി ഉത്സവ സീസണിൽ പുതിയ ടിയാഗോ സിഎൻജിയും ടിഗോർ സിഎൻജിയും വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മിഡ് ലെവൽ വേരിയന്റുകളിൽ സിഎൻജി പതിപ്പ് ടാറ്റ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടിയാഗോയിലും ടിഗോറിലും പ്രവർത്തിക്കുന്നത്.ഇത് 86 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ ഈ വേരിയന്റിൽ പവർ ഔട്ട്‌പുട്ടിൽ നേരിയ കുറവുണ്ടാകും. ഫാക്ടറി ഘടിപ്പിച്ച സിഎൻജി കിറ്റ് ടിയാഗോയുടെയും ടൈഗോറിന്റെയും ബൂട്ട് സ്പെയ്സിനേയും ബാധിക്കും.
മാരുതി സുസുക്കി വാഗൺആർ സിഎൻജിക്കും ഹ്യുണ്ടായി സാൻട്രോ സിഎൻജിക്കുമെതിരെ ടാറ്റ ടിയാഗോ സിഎൻജി സ്ഥാനം പിടിക്കും. മറുവശത്ത്, ടാറ്റ ടിഗോർ സിഎൻജി വരാനിരിക്കുന്ന മാരുതി ഡിസയർ സിഎൻജിക്കും ഹ്യുണ്ടായി ഓറ സിഎൻജിക്കും എതിരാളികളാകും.