പിതാവിന്റെ കാമുകി പീഡിപ്പിക്കുന്നുവെന്ന് ആരോപണവുമായി രണ്ട് മലയാളി വിദ്യാർഥികൾ ഷാർജയിൽ പൊലീസിൽ അഭയം തേടി. നാട്ടിലുള്ള മാതാവിന്റെ അരികിലെത്താൻ സഹായം ആവശ്യപ്പെട്ടാണ് ഇവർ പൊലീസിനെ സമീപിച്ചിരിക്കുന്നത്. നാലുവർഷമായി വിസയില്ലാതെ കഴിയുന്നത് കൊണ്ട് തന്നെ ഇവർക്ക് നാട്ടിലേക്ക് പോകാൻ 60,000 ദിർഹത്തോളം പിഴയടക്കണം. വർഷങ്ങളായി ഇവരുടെ പഠനവും നിലച്ചിരിക്കുകയാണ്.
ഒരാളുടെ പഠനം എട്ടാംക്ലാസിൽ മുടങ്ങി. മറ്റൊരാളുടേത് അഞ്ചാം ക്ലാസിൽ മുടങ്ങി കിടക്കുന്നു. നാലുവർഷമായി ഇവർക്ക് വിസയില്ല, പാസ്പോർട്ടും കാലാവധി തീരാനായി. ചുട്ടുപൊള്ളുന്ന ഈ വേനൽകാലത്ത് എസി പോലും ഇല്ലാത്ത മുറിയിലാണ് പിതാവ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. രോഗങ്ങൾ ഉണ്ടെങ്കിലും കുട്ടികൾക്ക് ചികിത്സ കിട്ടാറില്ല. ദുരിതങ്ങൾക്ക് പുറമെ പീഡനം കൂടി സഹിക്കാതായതോടെയാണ് ഇവർ പൊലീസിനെ സമീപിച്ചത്. ഇവരുടെ പാസ്പോർട്ടും മറ്റു രേഖകളും ഹാജരാക്കാൻ പൊലീസ് പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസിന്റെ നിർദേശപ്രകാരം സാമൂഹിക പ്രവർത്തകരുടെ സംരക്ഷണയിലാണ് ഇപ്പോൾ വിദ്യാർഥികൾ . ഷാർജയിൽ ജനിച്ചുവളർന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് 17 വയസും മറ്റൊരാൾക്ക് 12 വയസുമാണ് പ്രായം. മാഹി സ്വദേശിയായ പിതവിനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ ഇവരുടെ മാതാവ് ഇപ്പോൾ നാട്ടിലാണ് താമസം. മാതാവിന്റെ തന്നെ സഹോദരിയാണ് പിതാവിന്റെ കാമുകിയായി എത്തിയതെന്നും ഇതാണ് തങ്ങളുടെ ജീവിതം നശിപ്പിച്ചതെന്നും കുട്ടികള്‍ പറയുന്നു. പിതാവിനൊപ്പം പോകാൻ വിസമ്മതിച്ചതിനാൽ പൊലീസ് ഷാർജ ഇന്ത്യൻ അസോസിയേഷന്റെയും ചൈൽഡ് പ്രൊട്ടക്ഷൻ ടീമിന്റെയും പ്രവർത്തകരെയാണ് കുട്ടികളെ ഏൽപിച്ചിരിക്കുന്നത്.