വീടുകളിൽ ഉണ്ടാകുന്ന തീപിടിത്തങ്ങൾ തടയുന്നതിനും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുമായി അഗ്നിശമന ഉപകരണങ്ങൾ കരുതണമെന്ന് മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്. അവ ശരിയായ രീതിയിൽ ഉപയോഗിക്കാൻ പഠിക്കണമെന്നും അതോറിറ്റി ഓർമിപ്പിച്ചു.
ഡ്രൈ പൗഡർ ഫയർ എക്സ്റ്റിങ്കിഷറുകൾ വീടുകളിലുണ്ടാകുന്ന വിവിധ തരം തീപിടിത്തങ്ങളെ വളരെ വേഗത്തിൽ നിയന്ത്രിക്കാനും തീ പടരുന്നത് തടയാനും സഹായിക്കുമെന്നും സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി.
അഗ്നിശമന ഉപകരണം ഉപയോഗിക്കേണ്ട രീതിയും അധികൃതർ വ്യക്തമാക്കി. ഉപകരണം പ്രവർത്തിപ്പിക്കുമ്പോൾ ആദ്യമായി ഇതിന്റെ സേഫ്റ്റി പിൻ വലിച്ചൂരി മാറ്റേണ്ടതുണ്ട്.
തുടർന്ന് തീയിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ മാറിനിന്ന് ഹാന്റിലിൽ അമർത്തുകയും, നോസിലുകൾ തീയുടെ അടിഭാഗത്തേക്ക് ലക്ഷ്യമാക്കി തിരിക്കുകയും വേണം. കാറ്റ് വീശുന്ന ദിശയ്ക്ക് എതിരായി നിൽക്കാതെ, കാറ്റിന്റെ ദിശയ്ക്ക് അനുസരിച്ച് മാത്രം ഉപകരണം പ്രവർത്തിപ്പിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.















