കൊല്ലം: കല്ലുവാതുക്കലില്‍ കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്മയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഇന്നലെയാണ് രേഷ്മയെ പോലീസ് ജയിലിലെത്തി ചോദ്യം ചെയ്തത്. ആര്യയും ഗ്രീഷ്മമയും അനന്തു എന്ന വ്യാജ ഐഡി ഉപയോഗിച്ച് കബളിപ്പിച്ചതായിരുന്നുവെന്ന വിവരം പൊലീസ് സംഘം രേഷ്മയെ അറിയിച്ചു. വിവരമറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ രേഷ്മ പൊട്ടിക്കരഞ്ഞു.
തനിക്ക് അനന്തുവെന്ന ആണ്‍ സുഹൃത്ത് ഉണ്ടായിരുന്നു. വര്‍ക്കലയില്‍ അനന്തുവിനെ കാണാനായി പോയിട്ടുണ്ട്. അന്ന് അനന്തുവിനെ കാണാന്‍ പറ്റിയിട്ടില്ല. അതിന് ശേഷമാവാം തന്നെ കബളിപ്പിച്ചത്. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞതില്‍ ഗ്രീഷ്മയ്ക്ക് തന്നോട് പകയുണ്ടാകാം. അതിനാലാണ് തന്നെ കബളിപ്പിച്ചതെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കി. ഗര്‍ഭിണിയാണെന്ന കാര്യം ചാറ്റിങില്‍ സൂചിപ്പിച്ചിട്ടില്ല, അനന്തുവെന്ന ആണ്‍ സുഹൃത്ത് തനിക്കുണ്ടായിരുന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രേഷ്മ.
അതേസമയം കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ വമ്പന്‍ വഴിത്തിരിവായിരുന്നു രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യ. വ്യാജ ഐഡിയിലൂടെ രേഷ്മയുടെ ബന്ധുക്കള്‍ നടത്തിയ ചാറ്റിംഗടക്കമുള്ള വിവരങ്ങളിലേക്ക് പിന്നീടാണ് പൊലീസ് എത്തിച്ചേർന്നത്.