ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെ.പി.എസ്.സി) നടത്തിയ രണ്ട് റിക്രൂട്ട്‌മെന്റ് പരീക്ഷകൾ റദ്ദാക്കിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്ത് ഝാർഖണ്ഡ് ഹൈക്കോടതി. പരീക്ഷകൾ റദ്ദാക്കാനുള്ള ഹേമന്ത് സോറൻ സർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് ഉദ്യോഗാർഥികൾ നൽകിയ ഹർജികളിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ പരീക്ഷകൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം തൽക്കാലം നടപ്പിലാകില്ല.
11 മുതൽ 13 വരെ നടന്ന ജെ.പി.എസ്.സി പരീക്ഷകൾ, ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച കോടതി, കേസിൽ 15 ദിവസത്തിനകം കൗണ്ടർ അഫിഡവിറ്റ് സഹിതം വിശദമായ മറുപടി സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. കൂടാതെ, ഈ രണ്ട് പരീക്ഷകളുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ഹർജിക്കാർക്ക് ഉടനടി ജോലിയിൽ പ്രവേശിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
മുൻപ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ ആരോപിച്ച് ‘ജെ.പി.എസ്.സി-ജെ.എസ്.എസ്.സി പരിഷ്‌കരണ മഞ്ച്’ നടത്തിയ 26 ദിവസത്തെ സമരത്തെത്തുടർന്നാണ് 2014 മുതൽ നടന്ന 22 റിക്രൂട്ട്‌മെന്റ് പരീക്ഷകൾ റദ്ദാക്കാനും മറ്റ് 23 എണ്ണത്തിൽ അന്വേഷണം നടത്താനും ഹേമന്ത് സോറൻ സർക്കാർ തീരുമാനിച്ചിരുന്നത്. ഈ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും സി.ഐ.ഡിയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
എന്നാൽ, പരീക്ഷകൾ കൂട്ടത്തോടെ റദ്ദാക്കിയത് തങ്ങളെ ദോഷകരമായി ബാധിച്ചുവെന്ന് കാട്ടി പരീക്ഷകളിൽ വിജയിച്ച രണ്ടായിരത്തോളം ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങൾ സ്വന്തം മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകളിൽ വിജയിച്ചതെന്നും യാതൊരുവിധ ക്രമക്കേടുകളിലും തങ്ങൾക്ക് പങ്കില്ലാത്തതിനാൽ തങ്ങളുടെ നിയമനം തടയരുതെന്നുമായിരുന്നു ഉദ്യോഗാർഥികളുടെ ആവശ്യം.

















