കൊൽക്കത്ത:നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ. പിഴ ശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദ കേസില്‍ നിന്ന് പിന്മാറുകയും ചെയ്തു.മമത ബാനർജിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചുക്കൊണ്ടാണ് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് സ്വയം പിന്മാറിയത്.
കോടതിയുടെ സംശയത്തിൻ്റെ നിഴലിൽ നിർത്താൻ മമതാ ബാനർജി ശ്രമിച്ചു എന്ന് ആരോപിച്ചാണ് ഹൈക്കോടതി മുഖ്യമന്ത്രിക്ക് പിഴയിട്ടത്. നിയമചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ സംഭവമാണിത്. മുഖ്യമന്ത്രിയായ മമത ബാനർജി ഭരണഘടനാപരമായ ഉത്തരവാദിത്തം ലംഘിച്ചു എന്ന അതീവ ഗൗരവമേറിയ നിരീക്ഷണവും വിധി പ്രസ്താവത്തിൽ ഹൈക്കോടതി നടത്തി. ജഡ്ജിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമംനടന്നുവെന്നും ജഡ്ജിമാരുടെ നിയമനത്തിൽ വിശ്വാസമില്ലെങ്കിൽ മുഖ്യമന്ത്രി നൽകിയ തെരഞ്ഞെടുപ്പ് ഹർജി കോടതിക്ക് കേൾക്കാനാകില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദ വ്യക്തമാക്കി.
















