സഞ്ചാരികൾക്ക് നയനവിസ്മയം ഒരുക്കി നീലക്കുറിഞ്ഞി പൂത്തിരിക്കുകയാണ് രാജകുമാരി ശാന്തൻപാറ പത്തേക്കറിനു സമീപം. പത്തേക്കറിനും കിഴക്കാദിമലയ്ക്കും ഇടയിലുള്ള രണ്ടേക്കറിലധികം വരുന്ന പുൽമേട്ടിലാണു നീലവസന്തം വിരിഞ്ഞത്. കോവിഡ്ക്കാലത്ത് യാത്രകൾക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നീലക്കുറിഞ്ഞി കാഴ്ച ആസ്വദിക്കുവാൻ സഞ്ചാരികൾക്ക് പറ്റാത്ത സ്ഥിതിവിശേഷമാണിപ്പോൾ. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചു മാത്രമേ സഞ്ചാരികളെ കടത്തിവിടൂവെന്നു പൊലീസ് അറിയിച്ചു.
കണ്ണിനു കുളിരായി നീലക്കുറിഞ്ഞി തളിരിടുമ്പോള് കാഴ്ചക്കാരും ഇല്ലാത്ത അവസ്ഥയാണ്. കോവിഡ് സാഹചര്യം അല്ലായിരുന്നെങ്കിൽ ശാന്തൻപാറയിലെ ഈ നീലവിസ്മയം ആസ്വദിക്കുവാനും മനോഹര ചിത്രങ്ങൾ പകർത്തുവാനും നാനാഭാഗത്തു നിന്നും സഞ്ചാരികള്‍ എത്തിയേനെ. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തിന് രാജകുമാരി ശാന്തൻപാറ സാക്ഷിയാവുകയാണ്.