കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് തിരിച്ചടി. കേസിലെ പ്രധാന പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് ആവശ്യം കോടതി തള്ളി. പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കസ്റ്റംസ് പാലിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കസ്റ്റഡിയില്‍ മര്‍ദിക്കാന്‍ പാടില്ലായിരുന്നുവെന്നും എന്നു കോടതി നിരീക്ഷിച്ചു. ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ നഗ്‌നനാക്കി മര്‍ദ്ധിച്ചതായി അര്‍ജുന്‍ കോടതിയില്‍ പറഞ്ഞിരുന്നു. അര്‍ജുന്റെ പരാതി രേഖപ്പെടുത്തിയ ശേഷമാണ് കസ്റ്റഡി ആവശ്യം തള്ളി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം അര്‍ജുന്‍ ആയങ്കിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ഫോണ്‍ രേഖകളില്‍ നിന്ന് സ്വര്‍ണക്കടത്തില്‍ അര്‍ജുന് പങ്കുള്ളതായി വ്യക്തമായിട്ടുണ്ട്. ആഡംബര ജീവിതമാണ് അര്‍ജുനെ സംശയത്തിന്റെ നിഴലിലാക്കിയതെന്നും
കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാല്‍ ഷാഫി നല്‍കിയ മൊഴി ഇതിന് വിരുദ്ധമാണ്. വീട് വയ്ക്കാനായി ഭാര്യയുടെ അമ്മ പണം നല്‍കിയെന്നാണ് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയത്. എന്നാല്‍ ഇന്നലെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ തന്റെ അമ്മ അങ്ങനെയൊരു പണം നല്‍കിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇങ്ങനെ അര്‍ജുന്‍ ആയങ്കി നല്‍കിയ പരസ്പര വിരുദ്ധമായ മൊഴികളില്‍ കൂടുതല്‍ വ്യക്തത തേടിയാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടത്.
അതേസമയം, ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതികളായ കൊടിസുനിക്കും ഷാഫിക്കും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് പറയുന്നു. ഷാഫി അടക്കമുള്ളവര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി യുവാക്കളെ സ്വര്‍ണക്കടത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.