തിരുവനന്തപുരം: നേരത്തെ മരിച്ച ആനക്കുട്ടിക്ക് പിന്നാലെ കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ഒരു കുട്ടിയാന കൂടി ചരിഞ്ഞു. നാല് വയസുള്ള അർജുൻ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. അപൂർവ വൈറസ് ബാധയെ തുടർന്ന് രണ്ടു ദിവസം മുൻപാണ് മറ്റൊരു കുട്ടിയാന ചരിഞ്ഞത്.
അപൂർവ വൈറസ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിൽ സങ്കേതത്തിലെ മറ്റ് ആനകൾ നിരീക്ഷണത്തിലാണ്. നാല് ദിവസം മുൻപാണ് കോട്ടൂർ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്. മരണകാരണം അപൂർവ വൈറസ് ബാധയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഹെർപസ് എന്ന അപൂർവ വൈറസാണ് രോഗബാധക്ക് കാരണമായത്. 10 വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. മുൻകരുതലിന്‍റെ ഭാഗമായി ആനക്കോട്ടയിലെ പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കൾക്കും ചികിത്സ തുടങ്ങിയിട്ടുണ്ടെന്ന് ഡ.എഫ്.ഒ അറിയിച്ചു.