കണ്ണൂര്‍: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത് കൊണ്ടല്ല ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരേ പോലീസ് കേസെടുത്തിരിക്കുന്നതെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കുഴല്‍പ്പണകേസില്‍ പോലീസിന് കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും അത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നതെന്നും പറഞ്ഞു.
ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ നിലവില്‍ രണ്ടു കേസുകളില്‍ പ്രതിയാണ്. മഞ്ചേശ്വരത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥിയ്ക്ക് നോമിനേഷന്‍ പിന്‍വലിക്കാന്‍ പണം നല്‍കി എന്നാണ് ഉയര്‍ന്നു വന്നിരിക്കുന്ന ആദ്യത്തേത്. ഇതിന് ഉപയോഗിച്ചത് കള്ളപ്പണമാണെന്നതാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
രണ്ടാമത്തേത് സുല്‍ത്താന്‍ബത്തേരിയില്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കാന്‍ ആദിവാസി നേതാവ് സി.കെ. ജാനുവിന് പണം കൊടുത്തതിന്റെ വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍കോള്‍ ലിസ്റ്റ് പുറത്തു വന്നു. ഇന്ന് ബിജെപി നേതാവിനെതിരായി രണ്ടു നേതാക്കള്‍ മൊഴി കൊടുത്തിരിക്കുകയാണ്. ജെആര്‍പിയുടെ സംസ്ഥാന ട്രഷറര്‍ ഉള്‍പ്പെടെയുള്ളവരാണ് മൊഴി നല്‍കിയത്. ഈ കള്ളപ്പണം കടത്താന്‍ ബിജെപി ഉപയോഗിച്ചത് ക്വട്ടേഷന്‍ സംഘത്തെയാണെന്നും ആരോപിച്ചു.
കരിപ്പൂരില്‍ വിദേശത്ത് നിന്നും കൊണ്ടുവന്ന രണ്ടരകിലോ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച രണ്ടു ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു. ഇതില്‍ കൊടുവള്ളി സംഘത്തില്‍ പെട്ടയാളാണ് കസ്റ്റംസ് പിടികൂടിയ അര്‍ജുന്‍. ചെര്‍പ്പുള സംഘത്തില്‍ ഉള്ളയാളാണ് ബിജെപിയുടെ നേതാവും മലപ്പുറത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുടെ പ്രചാരകനുമായ ഷിഹാബ് ആണെന്നും അദ്ദേഹം പറഞ്ഞു.