ടോക്കിയോ ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ബോക്സിംഗ് താരം മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗും ഇന്ത്യന്‍ പതാക വഹിക്കും. സമാപന ചടങ്ങില്‍ ഗുസ്തി താരം ബജ്റംഗ് പൂനിയ ആകും ഇന്ത്യന്‍ പതാക വഹിക്കുകയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
126 അത്ലറ്റുകളും 75 ഒഫീഷ്യലുകളും അടക്കം 201 പേരാണ് ഒളിമ്പിക്സിനായി ഇന്ത്യയിൽ നിന്ന് ടോക്കിയോയിലേക്ക് വിമാനം കയറുക. ഇതിൽ 56% പുരുഷൻമാരും 44% സ്ത്രീകളുമാണ്.
ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ആദ്യമായി ഇന്ത്യൻ പതാകയേന്തിയത് അത്ലറ്റ് പർമ ബാനർജിയാണ്. 1920-ൽ ബെൽജിയത്തിലെ ആന്റ്വെപിൽ നടന്ന ഒളിമ്പിക്സിലാണ് 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പർമ പതാകയേന്തിയത്. ഇതുവരെ 17 താരങ്ങളാണ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്. അതിൽ എട്ടു പേർ ഒളിമ്പിക്സിൽ മെഡൽ നേടിയവരാണ്.
ജൂലെ 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്സ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡ് മഹാമാരിയെത്തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.