കണ്ണൂര്‍: ജില്ലയിലെ മാട്ടൂലില്‍ അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനായി കൈകോര്‍ത്ത് കേരളം. ചികിത്സയ്ക്ക് ആവശ്യമായിരുന്ന 18 കോടി രൂപയും ലഭിച്ചു. മരുന്നിനുള്ള തുക ലഭിച്ചതായി മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ അറിയിച്ചു. അടുത്തതായി മരുന്ന് വിദേശത്ത് നിന്ന് എത്തിക്കുകയും ഒരു ഡോസ് മുഹമ്മദിന് കുത്തി വയ്ക്കുകയും ചെയ്യുന്നതോടെ മുഹമ്മദ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തും.
കണ്ണൂര്‍ സ്വദേശിയായ റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനായ മുഹമ്മദിനെ ബാധിച്ച അപൂര്‍വ്വരോഗത്തിന്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. മൂത്തമകളായ അഫ്ര ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു റഫീഖ്. മുഹമ്മദിന് രണ്ട് വയസ് ആകുന്നതിന് മുന്‍പ് സോള്‍ജന്‍സ്മ എന്ന ലോകത്തിലെ വിലകൂടിയ മരുന്ന് ഒരു ഡോസ് കുത്തിവെക്കണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. രോഗം തിരിച്ചറിയാന്‍ വൈകിയതോടെയാണ് മുഹമ്മദിന്റെ സഹോദരി അഫ്ര വീല്‍ചെയറിലായത്.