തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജരാകാന്‍ സാധിക്കില്ലെന്നും എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി സംസ്ഥാന ഭാരവാഹി യോഗമുള്ളതിനാലാണ് ചൊവ്വാഴ്ച ഹാജരാകാൻ കഴിയാത്തത്. ഇക്കാര്യം താൻ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. പിന്നീട് എപ്പോൾ ഹാജരാകാൻ കഴിയുമെന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും.സ്വർണക്കടത്ത് കേസുകളും മുട്ടിൽ മരംമുറി കേസിലും പ്രതിരോധത്തിലായ സർക്കാർ മുഖം രക്ഷിക്കാനാണ് ഹാജരാകാൻ തനിക്ക് നോട്ടീസ് നൽകിയത്. പോലീസിന്റെ തീരുമാനമല്ല രാഷ്ട്രീയ തീരുമാനമാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.