അബുദാബി:മൊഡേണ വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് യു.എ.ഇ അനുമതി നൽകി. ഇതോടെ യു.എ.ഇ അംഗീകരിച്ച വാക്സിനുകളുടെ എണ്ണം അഞ്ചായി. സിനോഫാം, അസ്ട്രസിനിക്ക, ഫൈസർ, സ്പുട്നിക് എന്നിവയാണ് യു.എ.ഇ അംഗീകരിച്ച വാക്സിനുകൾ.ക്ലിനിക്കൽ പരീക്ഷണങ്ങളെ തുടർന്നാണ് വാക്സിൻ വിതരണത്തിനൊരുങ്ങുന്നത്. പരീക്ഷണത്തിൽ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയിരുന്നു. 94 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തൽ.
വാക്സിനെടുക്കുന്നവർക്ക് കോവിഡ് ബാധിച്ചാലും ആശുപത്രിവാസം ആവശ്യം വരില്ലെന്നും കരുതുന്നു. യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മജന്ത ഇൻവസ്റ്റുമെൻറുമായി സഹകരിച്ചാണ് വാക്സിൻ വിതരണത്തിനൊരുങ്ങുന്നത്. കോവിഡിനെതിരായ പോരാട്ടത്തിന് ബലം നൽകുന്നതാണ് പുതിയ വാക്സിന് അംഗീകാരം നൽകിയ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.