തിരുവനന്തപുരം: മരംമുറി ഉത്തരവിന് നിർദേശം നൽകിയത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഈട്ടി, തേക്ക് എന്നീ മരങ്ങൾ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാൻ നിർദേശം നൽകിയതും മുൻ മന്ത്രിയാണ്. വിഷയത്തിൽ നിയമ വകുപ്പിന്‍റെ അഭിപ്രായം ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും രേഖകൾ വ്യക്തമാക്കുന്നു.
വിവാദ മരം മുറി ഉത്തരവിന് നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. എല്ലാ വശങ്ങളും പരിശോധിച്ചാണ് മരം മുറി ഉത്തരവ് ഇറക്കിയതെന്ന് ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഉത്തരവിന്റെ ഉത്തരവാദിത്വത്തിൽ ഉറച്ചു നിൽക്കുന്നു. സര്‍ക്കാരിനെ സഹായിക്കാനായിരുന്നു ഉത്തരവ്. രാജകീയ മരങ്ങൾ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ഇ ചന്ദ്രശേഖരൻ്റെ വാദം.
കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്. ഒരു സമ്മർദ്ദത്തിൻ്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥർ തടസമുണ്ടാക്കരുതെന്ന നിർദ്ദേശമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ രേഖകൾ പറയുന്നതിങ്ങനെയാണ്, കട്ടമ്പുഴ വനമേഖലയിലെ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് അനുമതി തേടിയതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 2019 ജൂൺ 27 ന് ഇതുസംബന്ധിച്ച ആദ്യ യോഗം റവന്യൂ മന്ത്രി വിളിക്കുന്നു. പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് എതിരല്ലെന്നും ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നീ മരങ്ങൾ മുറിക്കാൻ സാധിക്കില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ നിലപാട് സ്വീകരിച്ചു. തുടർന്ന് റവന്യൂ വകുപ്പിന്‍റെ അഭിപ്രായം തേടി.
2019 സെപ്റ്റംബർ മൂന്നിന് റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും യോഗം വിളിച്ചു. വനം വകുപ്പ് മേധാവി മുൻ നിലപാട് യോഗത്തിൽ ആവർത്തിച്ചു. പട്ടയം ലഭിച്ച ശേഷം കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ ഭൂപതിവ് ചട്ടം 1964 ഭേദഗതി വരുത്താൻ തീരുമാനിച്ചു. ഇതിന് നിയമ വകുപ്പിന്‍റെയും അഡീഷണൽ എ.ജിയുടെയും അഭിപ്രായം തേടി ശിപാർശ സഹിതം സമർപ്പിക്കാൻ റവന്യൂ മന്ത്രി 2019 ഒക്ടോബർ 21 ന് ഉത്തരവിട്ടു. ഈ നിർദേശത്തിനെതിരെയും ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചിട്ടുണ്ട്.
2020 ഒക്ടോബർ അഞ്ചിന് നിയമ വകുപ്പിന്‍റെ മറുപടി ലഭിക്കും മുമ്പ് മന്ത്രി തീരുമാനമെടുത്തുവെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്ന വിഷയത്തിൽ വ്യക്തത വരുത്താൻ റവന്യൂ വകുപ്പ് 2020 മാർച്ച് 11 ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.