തിരുവനന്തപുരം: കോവിഡ് മരണങ്ങൾ അവ്യക്തത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജൂൺ 16-നുമുമ്പുള്ള മുഴുവൻ മരണക്കണക്കും ആരോഗ്യവകുപ്പ് പുനഃപരിശോധിക്കും. പരാതിയുള്ളവയിൽ പ്രത്യേക പരിശോധന നടത്താനും ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി.
ഇന്ത്യൻ മെഡിക്കൽ ഗവേഷണകൗൺസിലിന്റെ മാർഗനിർദേശങ്ങളനുസരിച്ചാകും പുനഃപരിശോധനയും കോവിഡ് മരണമെന്ന പ്രഖ്യാപനവും എന്നനയത്തിൽ മാറ്റമില്ല. പരാതിയുള്ളവയിൽമാത്രം പരിശോധന നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നത്. എന്നാൽ, പട്ടിക മുഴുവൻ പരിശോധിക്കണമെന്ന് ആവശ്യമുയരുന്ന സാഹചര്യത്തിൽ പട്ടിക പൂർണമായും പുനഃപരിശോധിച്ച് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ പ്രത്യേക നിർദേശം നൽകുകയായിരുന്നു.

















