കൊല്ലം അഞ്ചാലുംമൂട്ടിലെ കോൺഗ്രസ് ഓഫീസ് ഒരുസംഘം ആളുകൾ അടിച്ചുതകർത്തു. വ്യാഴാഴ്ച രാത്രി വൈകിയാണ് അക്രമ സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകാരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
ഓഫിസിലെയും പരിസരങ്ങളിലെയും സിസിടിവികള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നാണ് വിവരം. ഓഫിസിനുള്ളിലെ കസേരകളടക്കം അടിച്ചു തകര്‍ത്തിട്ടുണ്ട്.
സാധന സാമഗ്രികളും വലിച്ചുവാരിയിട്ട നിലയിലാണ്. തിരുവനന്തപുരത്തുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമ സംഭവങ്ങള്‍ തുടരുന്നത്.
തിരുവനന്തപുരത്തെ എസ്എഫ്ഐ–യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഹൈദറെന്നയാളാണ് അറസ്റ്റിലായത്. സംഘര്‍ഷത്തില്‍ ആദ്യ അറസ്റ്റാണിത്.
സംസ്ഥാനത്ത് രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള പോർവിളിയും സംഘർഷ സാഹചര്യവും തുടരുന്നു. മന്ത്രിമാരെ വഴിയിൽ തടഞ്ഞുള്ള പ്രതിഷേധം ഡിവൈഎഫ്ഐയും യുവമോർച്ചയും ഇന്നും തുടർന്നേക്കും.
മന്ത്രിമാർക്ക് നേരെ പ്രതിഷേധമുണ്ടായാൽ പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെയും തീരുമാനം. തിരുവനന്തപുരത്ത് എസ്എഫ്ഐ – യൂത്ത് കോൺഗ്രസ് സംഘർഷത്തെ തുടർന്നാണ് സംസ്ഥാനത്ത് സിപിഎം– കോൺഗ്രസ് സംഘർഷ സാഹചര്യം ഉണ്ടായത്.















